അയ്യന്തോൾ: കളക്ടറേറ്റും കോടതികളുമടക്കമുള്ള നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സിവിൽ സ്റ്റേഷൻ സമുച്ചയത്തിലെ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ ജീവനക്കാരന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഫീസിലെ മറ്റു ജീവനക്കാരെ അടിയന്തിരമായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
നാട്ടിക സ്വദേശിയായ ഉദ്യോഗസ്ഥനാണ് കോവിഡ് പോസിറ്റീവ് ആയത്. പന്ത്രണ്ടു ദിവസമായി ക്വാറന്റൈനിലായിരുന്ന ഈ ഉദ്യോഗസ്ഥന് ക്വാറന്റൈൻ കാലാവധി കഴിയുന്നതിന് രണ്ടു ദിവസം മുൻപാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. നാട്ടിൽ നിന്നാണെന്നാണ് സൂചന.
ഇതാദ്യമായാണ് സിവിൽ സ്റ്റേഷനിൽ രോഗം സ്ഥിരീകരിക്കുന്നത്. വിവിധ സർക്കാർ ഓഫീസുകളും കോടതികളും സ്ഥിതി ചെയ്യുന്നത് ഈ സമുച്ചയത്തിലാണ്. ഒന്നാം നിലയിൽ റൂറൽ എസ്പി ഓഫീസിനോടു ചേർന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് പ്രവർത്തിക്കുന്നത്.
ക്രൈംബ്രാഞ്ച്, വനിത സെൽ, പോലീസ് റെക്കോർഡ് റൂം, സർവേ സൂപ്രണ്ട് കാര്യാലയം, ആർടി ഓഫിസ് തുടങ്ങി വിവിധ ഓഫിസുകൾ ഇതിനടുത്തായും മുകളിലുമൊക്ക പ്രവർത്തിക്കുന്നുണ്ട്. കളക്ടറുടെ ചേംബർ മുകളിലാണ്.
കളക്ടറേറ്റിലും സിവിൽ സ്റ്റേഷനിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങൾ നേരത്തേ തന്നെ ഏർപ്പെടുത്തിയിരുന്നു. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഓഫീസുകളിലും ഓഫിസുകളിൽ എത്തുന്ന പൊതുജനങ്ങൾക്കും നിയന്ത്രണം ഉണ്ടായിരുന്നു.
ഇതിനിടെയാണ് സിവിൽ സ്റ്റേഷനകത്ത് ആദ്യമായി കോവിഡ് പോസിറ്റീവ് കേസുണ്ടാകുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ സിവിൽ സ്റ്റേഷനിൽ വേണ്ടിവരുമോ എന്ന് ആലോചിക്കുന്നുണ്ട്. രോഗസ്ഥിരീകരണം വന്നയുടൻ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസും പരിസരവും അണുവിമുക്തമാക്കി.