അമ്പലപ്പുഴ: കോവിഡിനെതിരേ ഒറ്റയാൾ പോരാട്ടം നടത്തുകയാണ് ഒരു യുവാവ്. ഇന്റീരിയർ ഡിസൈനർ ആയ തോട്ടപ്പള്ളി മഠത്തിൽ എം.ആർ. ഓമനക്കുട്ടനാണ് സ്വന്തം തൊഴിലിൽ നിന്നു ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് കോവിഡിനെതിരേ പട പൊരുതുന്നത്.
ഇതിനായി സ്വന്തമായി സ്പ്രേയർ വാങ്ങി. അതിൽ അണുനാശിനി നിറച്ച് കോവിഡ് പകരാൻ സാധ്യതയുള്ള പൊതു ഇടങ്ങളിൽ അണുനശീകരണം നടത്തുകയാണ് ഈ യുവാവ്.
പുറക്കാട് പഞ്ചായത്തിലെ മുഴുവൻ റേഷൻ കടകൾ, മാവേലി സ്റ്റോർ , ബാങ്കുകൾ ഓഫീസുകൾ, മറ്റു കടകൾ, പാർക്കുകൾ എന്നിവിടങ്ങളിലെല്ലാം സ്വന്തം സ്കൂട്ടറിൽ എത്തി ഓമനക്കുട്ടൻ അണുനശീകരണം ചെയ്യുന്നു.
ചെല്ലുന്ന സ്ഥലത്തെല്ലാം സാമൂഹിക അകലം പാലിക്കുന്നതിന്റെയും മാസ്ക് ധരിക്കുന്നതിന്റെയും സോപ്പ് ഉപയോഗിക്കുന്നതിന്റെയും പ്രാധാന്യം കൂടി പറഞ്ഞാണ് യാത്ര. ഇന്നലെ 10, 11 വാർഡുകളിൽ അണുനശീകരണം പൂർത്തീകരിച്ചു.
ഇന്ന് 8 , 9 വാർഡുകളിലാണ് സഞ്ചാരം.പഞ്ചായത്തിലെ മുഴുവൻ റേഷൻ ഷോപ്പുകളിലും അണുനശീകരണം നടത്തിക്കഴിഞ്ഞു. ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയങ്ങൾ ഉപയോഗപ്പെടുത്തി ഈ പ്രവർത്തനം തുടരുമെന്ന് ഓമനക്കുട്ടൻ അറിയിച്ചു.
ആരോഗ്യപ്രവർത്തകർക്ക് എല്ലായിടവും ഓടിയെത്താൻ സാധിക്കാത്തതു കൊണ്ടാണ് ഇങ്ങനെ ഒരു പ്രവർത്തനത്തിന് ഇറങ്ങിയതെന്ന് ഓമനക്കുട്ടൻ പറയുന്നു.
സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി പ്രവർത്തനങ്ങളിൽ സജീവമാണ് ഓമനക്കുട്ടൻ . ഗ്രീൻ റൂട്ട്സ്, തീരം സംരക്ഷണസമിതി, ഡോക്ടർ സുകുമാർ അഴീക്കോട് വിചാരവേദി തുടങ്ങിയ സാംസ്കാരിക സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്നു.