കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ കൊച്ചിയില്‍ ആശങ്കയേറ്റി രോഗലക്ഷണമില്ലാത്തവരിലും രോഗം സ്ഥിരീകരിക്കുന്നു. ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച അഞ്ചുപേരില്‍ മൂന്നുപേര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ് 27ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള ചുള്ളിക്കല്‍ സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച ഒരാള്‍. ജില്ലയിലെത്തിയതിനുശേഷം സ്ഥാപന നീരീക്ഷണത്തിലായിരുന്ന ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
കൂടെ യാത്രചെയ്തവരില് ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്രവപരിശോധനയ്ക്ക് വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. 28ന് ദുബായ്-കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള പല്ലാരിമംഗലം സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍.
ഗര്‍ഭിണിയായ ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇവര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. കൂടെ യാത്ര ചെയ്ത ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
19ന് റിയാദ്-കരിപ്പൂര്‍ വിമാനത്തില്‍ വന്ന 26 വയസുള്ള പാനായിക്കുളം ആലങ്ങാട് സ്വദേശിക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. സ്ഥാപന നിരീക്ഷണത്തിലായിരുന്ന ഇദേഹത്തിനും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. കൂടെ യാത്ര ചെയ്ത ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദേഹത്തിന്റെ സ്രവം പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
മഹാരാഷ്ട്രയില്‍നിന്നും 16ന് റോഡ് മാര്‍ഗം ജില്ലയിലെത്തിയ 30 വയസുള്ള അയ്യമ്പിള്ളി സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
ആശുപത്രി ജീവനക്കാര്‍ക്കുള്ള സര്‍വൈലന്‍സിന്റെ ഭാഗമായി സാമ്പിളെടുത്ത ഒരു ആശുപത്രി ജീവനക്കാരിയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച അഞ്ചാമത്തെയാള്‍. അതിനിടെ, ഇന്നലെ 721 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 566 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 9,556 ആയി. ഇതില്‍ 8,546 പേര് വീടുകളിലും, 574 പേര് കോവിഡ് കെയര്‍ സെന്ററുകളിലും, 436 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
ഇന്നലെ 25 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 23 പേരെ ഡിസ്ചാര്‍ജും ചെയ്തു. ഇതോടെ, ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 90 ആയി ഉയര്‍ന്നു.
ഇന്നലെ ജില്ലയില്‍നിന്നും 72 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 111 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ അഞ്ച് എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവുമാണെന്ന് അധികൃതർ അറിയിച്ചു. ഇനി 126 ഫലങ്ങള്‍കൂടി ലഭിക്കാനുണ്ട്.