കോവിഡ് ഭേദമാക്കുന്ന അദ്ഭുത മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്നു കേട്ട് ഇരച്ചെത്തിയത് ആയിരങ്ങള്‍.
ആയുര്‍വേദ ഡോക്ടറെന്ന് സ്വയം അവകാശപ്പെടുന്ന ആള് കോവിഡിനെ ചെറുക്കുന്ന മരുന്ന് വിതരണം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞാണ് ആയിരക്കണക്കിന് ആളുകള്‍ എത്തിയത്.
ബോനിഗി ആനന്ദ് എന്നയാളാണ് കോവിഡ് സുഖപ്പെടുമെന്ന് അവകാശപ്പെട്ട് മരുന്നു വിതരണം ചെയ്തത്.
ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയിലുള്ള കൃഷ്ണപട്ടണം എന്ന ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ പത്തു ദിവസമായി ബോനിഗി സ്വയം വികസിപ്പിച്ച മരുന്ന് വിതരണം ചെയ്യുകയാണ്.
ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെ കോവിഡ് മാറുമെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് വിതരണം. സൗജന്യമായാണ് ഇയാള്‍ മരുന്ന് നല്‍കുന്നത്.
കോവിഡ് രോഗികളടക്കമാണ് മരുന്നുവാങ്ങാന്‍ എത്തിയിരുന്നത്. കിലോമീറ്ററുകളോളം നീണ്ട ക്യൂ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ഇതോടെ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് മരുന്ന് വിതരണം നിര്‍ത്തിച്ചു. അതേസമയം മരുന്നിനു പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നു തെളിവു ലഭിക്കാത്തതിനാല്‍ മറ്റു നടപടികള്‍ സ്വീകരിച്ചിട്ടില്ല.
വിതരണം ചെയ്ത മരുന്നിനെക്കുറിച്ച് ഐസിഎംആര്‍ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ആയുര്‍വേദ ചേരുവകള്‍ കൊണ്ടാണ് മരുന്ന് നിര്‍മ്മിച്ചതെന്നും നാലു മരുന്നുകള്‍ തയാറാക്കിയെന്നും ഇയാള്‍ അവകാശപ്പെടുന്നു.
കോവിഡ് ബാധിതര്‍, പനി ഉള്ളവര്‍, കോവിഡിന്റെ മറ്റ് ലക്ഷണങ്ങള്‍ ഉള്ളവര്‍ എന്നിങ്ങനെ രോഗികളെ മൂന്നായ തരംതിരിച്ചാണ് മരുന്ന് നല്‍കുന്നത്.
വളരെ നാളായി ഗ്രാമത്തില്‍ ആയുര്‍വേദ ചികിത്സ നടത്തുന്നുണ്ടെങ്കിലും ആനന്ദിന് ആയുര്‍വേദത്തിലോ മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങളിലോ ഔദ്യോഗിക വിദ്യാഭ്യാസം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.