ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് 19 മരണം 400 കടന്നു. ആദ്യമായാണ് രാജ്യത്ത് പ്രതിദിന കോവിഡ് മരണം നാനൂറ് കടക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 445 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണം 13,699 ആയി ഉയർന്നു.
14,821 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4,25,282 ആയി. 1,74,387 പേരാണ് നിലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 2,37,196 പേർക്ക് രോഗം ഭേദമായി.
രാജ്യത്ത് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 1,32,075 പേർക്കാണ് മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 6,170 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്. 60,161 പേർ ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നുണ്ട്.
ഡൽഹിയിൽ 59,746 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 2,175 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 24,558 പേർ ഇപ്പോഴും ഡൽഹിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്.