ന്യൂഡൽഹി: കോവിഡ് ബാധിച്ച് 30 ദിവസത്തിനുള്ളിൽ ആശുപത്രിയിലോ വീട്ടിലോ രോഗി മരിച്ചാൽ കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദേശം.
ഇന്ത്യൻ കൗണ്‍സിൽ ഫോർ മെഡിക്കൽ റിസേർച്ചിന്റെ പഠനം അനുസരിച്ച് 95 % കോവിഡ് മരണങ്ങളും രോഗം സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിൽ നടന്നവയാണ്. ഇക്കാര്യവും മാർഗരേഖയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആശുപത്രിയിലോ മറ്റു ചികിത്സാ കേന്ദ്രങ്ങളിലോ പ്രവേശിക്കപ്പെടുന്ന കോവിഡ് രോഗി 30 ദിവസത്തോളം അവിടെ തുടരുകയും അതിനെതുടർന്ന് മരിക്കുകയും ചെയ്താൽ കോവിഡ് മരണമായി കണക്കാക്കും.
വിഷബാധ, ആത്മഹത്യ, കൊലപാതകം, അപകടമരണം, മറ്റു കാരണങ്ങൾ എന്നിവ മൂലമുള്ള മരണങ്ങൾ കോവിഡ് മരണങ്ങളായി കണക്കാക്കില്ലെന്നും പുതുക്കിയ മാർഗരേഖയിൽ വ്യക്തമാക്കുന്നു.
ആർടിപിസിആർ ടെസ്റ്റ്, മോളിക്യുലാർ ടെസ്റ്റ്, റാപിഡ്-ആന്റിജൻ ടെസ്റ്റ് എന്നിവയിലൂടെയോ ആശുപത്രിയിൽ പരിശോധനയിലൂടെയോ മാത്രമേ കോവിഡ് സ്ഥിരീകരിക്കാനാകൂ.
പുതുക്കിയ മാർഗരേഖ അനുസരിച്ച് കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്ക് മരണകാരണം വ്യക്തമാക്കി ജനന- മരണ രജിസ്ട്രേഷൻ നിയമപ്രകാരമുള്ള സർട്ടിഫിക്കറ്റ് നൽകണം.
ഇതിനായി രജിസ്ട്രാർ ജനറൽ സംസ്ഥാന ചീഫ് രജിസ്ട്രാർമാർക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കും.
കഴിഞ്ഞ ജൂണ്‍ 30നാണ്, കോവിഡ് ബാധിച്ചു മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റിൽ മരണകാരണം കോവിഡ് എന്നുതന്നെ രേഖപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചത്.
കോവിഡ് ബാധിച്ച വ്യക്തി മറ്റേതെങ്കിലും അസുഖം മൂർച്ഛിച്ചു മരണപ്പെട്ടാലും മരണകാരണം കോവിഡ് തന്നെയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവർക്കുള്ള ധനസഹായം നൽകുന്നത് സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയോട് ആറ് ആഴ്ചയ്ക്കുള്ളിൽ മാർഗനിർദേശങ്ങൾ രൂപീകരിക്കാനും കോടതി നിർദേശിച്ചിരുന്നു.
– സെബി മാത്യു