കോട്ടയം: കോട്ടയത്ത് ഒരാൾകൂടി കോവിഡ് ബാധിച്ചു മരിച്ചു. വടവാതൂർ ചന്ദ്രാലയത്തിൽ പി.എൻ. ചന്ദ്രനാ(74)ണു കോവിഡ് ബാധിച്ചു മരിച്ചത്. വടവാതൂർ എംആർഎഫ് കന്പനിയിൽ ജീവനക്കാരന്റെ പിതാവാണ്.
ജീവനക്കാരനു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രദേശം ഇതോടെ ആശങ്കയുടെ നിഴലിലായി. വ്യാപക കോവിഡ് ബാധയെ തുടർന്നു ടയർ കന്പനി അടച്ചിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
രണ്ടായിരത്തിലേറെ ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലരും ക്വാറന്റൈനിൽ ആണ്.കോട്ടയം വടവാതൂരിലെ എംആർഎഫ് ടയേഴ്സ് കോവിഡ് ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്ററായി കഴിഞ്ഞദിവസം ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു വരുന്ന രണ്ടായിരത്തിലേറെ ജീവനക്കാരുള്ള കന്പനിയിൽ കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടി സ്വീകരിച്ചത്.
സ്ഥാപനത്തിൽ ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ജാഗ്രതാ സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും കന്പനി ആരോഗ്യ വകുപ്പിന്റെ സംഘത്തിനു ലഭ്യമാക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
വടവാതൂരിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്പോഴും പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്താത്തതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. വ്യവസായ കേന്ദ്രത്തിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി ഇതുവരെ 94 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്.
കേന്ദ്രത്തിലെ തൊഴിലാളികളും ഇവരുടെ കുടുംബാംഗങ്ങളും ഇവരുമായി സന്പർക്കത്തിൽ ഏർപ്പെട്ടവരുമാണ് കോവിഡ് ബാധിച്ച എല്ലാവരും. ഇവരിൽ കൂടുതൽ ആളുകൾ താമസിക്കുന്നതും കന്പനി സ്ഥിതി ചെയ്യുന്ന വിജയപുരം പഞ്ചായത്തിലുമാണ്.
ഇതിനിടെ, കന്പനിയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച ആൾക്കു കോവിഡായിരുന്നുവെന്ന വിവരം രണ്ടു ദിവസങ്ങൾക്കുശേഷമാണ് ഇയാളുടെ ഒപ്പം ജോലി ചെയ്തവർ അറിഞ്ഞത്. ഇവരോടു ക്വാറന്റൈനിൽ പോകുവാൻ നിർദേശിക്കുകയും ചെയ്തു.
ഇവർ പത്തിലധികം ദിവസമായി ക്വാറന്റൈനിലാണ്. വ്യവസായ കേന്ദ്രത്തിൽ 2000 ൽ അധികം ജീവനക്കാരിൽ ഏറെയും വിവിധ സ്ഥലങ്ങളിൽനിന്നു ദിവസവും വന്നു പോകുന്നവരാണെന്നും കൂടുതൽ സുരക്ഷ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.