ന്യൂഡൽഹി: രാജ്യത്ത് ആശങ്കകൾ വർധിപ്പിച്ച് കോവിഡ് 19 മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് ബാധിച്ച് 134 പേർ മരിച്ചു. 3,722 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് 19 കേസുകളുടെ എണ്ണം 78,003 ആയി ഉയർന്നു. ഇവരിൽ 49,219 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. രാജ്യത്തെ മരണസംഖ്യ 2,549 ആയി ഉയർന്നു.
രാജ്യത്ത് രോഗമുക്തി നേരിടുന്നവരുടെ എണ്ണത്തിൽ നേരിയ പുരോഗതി ഉണ്ട്. 33 ശതമാനം പേർ രോഗമുക്തരാകുന്നവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. രാജ്യത്തെ കോവിഡ് ആശങ്കകൾ വർധിപ്പിക്കുന്നത് മഹാരാഷ്ട്രയിൽനിന്നും ഗുജറാത്തിൽനിന്നുമുള്ള കണക്കുകളാണ്.
മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കാൽലക്ഷം കഴിഞ്ഞു. ഇവിടെ മരണസംഖ്യയും ആയിരത്തോട് അടുക്കുകയാണ്. 25,922 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. 975 പേർക്കാണ് സംസ്ഥാനത്ത് ജീവൻ നഷ്ടമായത്. 5,547 പേർക്കാണ് രോഗം ഭേദമായത്.
ഗുജറാത്തിൽ 9,267 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 566 പേർക്ക് ജീവൻ നഷ്ടമായി. 3,562 പേർക്ക് സംസ്ഥാനത്ത് രോഗം ഭേദമായിട്ടുണ്ട്. പശ്ചിമബംഗാളിൽ 2,290 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 207 പേർക്ക് ഇവിടെ ജീവഹാനി സംഭവിച്ചു. മധ്യപ്രദേശിലും കോവിഡ് മരണനിരക്ക് ഉയരുകയാണ്. 4,173 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചപ്പോൾ 232 പേരാണ് കോവിഡ് ബാധിച്ച് മധ്യപ്രദേശിൽ മരിച്ചത്.
ഡൽഹിയിൽ 7,998 പേർക്ക് രോഗം സ്ഥിരീകരിച്ചു. 106 പേരാണ് ഇവിടെ മരിച്ചത്. രാജസ്ഥാനിലും നൂറിലധികം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. 121 പേരാണ് രാജസ്ഥാനിൽ കോവിഡ് ബാധിച്ച് മരിച്ചത്.