ന്യൂഡൽഹി: കോവിഡ് മരണ സർട്ടിഫിക്കറ്റിൽ മരണ കാരണമായി കോവിഡ് എന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കു ധനസഹായം നൽകണമെന്നു സുപ്രീംകോടതി.
ആർടിപിസിആർ പരിശോധനാ ഫലം ഉൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിൽ മരണ സർട്ടിഫിക്കറ്റിൽ ആവശ്യമായ മാറ്റം വരുത്താമെന്നും കോടതി നിർദേശിച്ചു.
മരണ സർട്ടിഫിക്കറ്റ് സംബന്ധിച്ച പരാതി നിലനിൽക്കുന്നു എങ്കിൽ ഇതുമായി ബന്ധപ്പെട്ട പരിഹാരസമിതിയെ സമീപിക്കണം.
മതിയായ മെഡിക്കൽ രേഖകൾ പരിശോധിച്ചശേഷം പരാതിപരിഹാര സമിതി 30 ദിവസത്തിനുള്ളിൽ തീർപ്പു കൽപ്പിക്കണം.
ഈ സമിതികൾക്ക് ആശുപത്രികളിൽ നിന്ന് മെഡിക്കൽ രേഖകൾ ആവശ്യപ്പെടാനുള്ള അധികാരം ഉണ്ടെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് 50,000 രൂപ ധനസഹായം നൽകുന്നതിനുള്ള കേന്ദ്രസർക്കാർ തീരുമാനം അംഗീകരിച്ച് സുപ്രീംകോടതി ഇന്നലെ ഇറക്കിയ ഉത്തരവിലാണ് ഇ ക്കാര്യം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മറ്റു പദ്ധതികളിൽ ഉൾപ്പെടുത്തി നൽകുന്ന സഹായങ്ങൾക്കു പുറമേയാണ് 50,000 രൂപ നൽകേണ്ടതെന്നും ജസ്റ്റീസുമാരായ എം.ആർ ഷാ, എ.എസ് ബൊപ്പണ്ണ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
മരിക്കുന്നതിന് 30 ദിവസം മുൻപ് ആശുപത്രികൾക്കു പുറത്തുള്ള ക്ലിനിക്കിൽ വച്ചോ മറ്റു പരിചരണ കേന്ദ്രങ്ങളിൽ വച്ചോ ആർടിപിസിആർ ടെസ്റ്റിലൂടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് എങ്കിൽ ധനസഹായത്തിന് അർഹതയുണ്ട് എന്നും കോടതി വ്യക്തമാക്കി.
ധനസഹായം ലഭ്യമാക്കുന്നതിനുള്ള ജില്ലാതല സമിതി, പരാതിപരിഹാര സമിതി എന്നിവ സംബന്ധിച്ചു മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.