തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങളിൽ നാലുപേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനാകാത്തത് ആശങ്ക ഉയർത്തുന്നു.
തിരുവനന്തപുരം പോത്തൻകോട് മരിച്ച അബ്ദുൽ അസീസ്, വൈദികൻ കെ.ജി.വർഗീസ്, മഞ്ചേരിയിലെ നാലുമാസം പ്രായമുണ്ടായിരുന്ന നൈഹ ഫാത്തിമ, കൊല്ലത്ത് മരിച്ച കാവനാട് സ്വദേശി സേവ്യർ എന്നിവർക്ക് രോഗം ലഭിച്ചത് എവിടെ നിന്നാണെന്ന് ഇനിയും വ്യക്തമായിട്ടില്ല.
സംസ്ഥാനത്ത് ഇന്നലെ കോവിഡ് രോഗബാധിതരായ മൂന്നു പേർ കൂടി മരിച്ചതോടെ ആകെ മരണം 14 ആയി. ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയ പാലക്കാട് സ്വദേശി മീനാക്ഷിയമ്മ, അബുദാബിയിൽ നിന്നെത്തിയ എടപ്പാൾ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സ്വദേശി സേവ്യർ എന്നിവരാണ് മരിച്ചത്.
ഇന്നലെ 94 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ള ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്. ജൂണ് രണ്ടിന് 86 പേർക്ക് കോവിഡ് സ്്ഥിരീകരിച്ചതായിരുന്നു ഇതിനു മുൻപുള്ള ഏറ്റവും ഉയർന്ന നിരക്ക്.
നിലവിൽ സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 1.7 ശതമാനം എന്ന മികച്ച തോതിലാണ്. പക്ഷെ കുറഞ്ഞ ദിവസൾക്കുള്ളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.
884 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 690 പേർ ഇതുവരെ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,70,065 പേർ നിരീക്ഷണത്തിലാണ്. 225 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുതുതായി ഒൻപത് ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലയിലെ ഇരിട്ടി മുൻസിപ്പാലിറ്റി, തില്ലങ്കരി, ആന്തൂർ മുൻസിപ്പാലിറ്റി, ശ്രീകണ്ഠാപുരം, കൊല്ലം ജില്ലയിലെ അഞ്ചൽ, ഏരൂർ, കടക്കൽ, പാലക്കാട് ജില്ലയിലെ കൊപ്പം, എലപ്പുള്ളി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
13 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. നിലവിൽ ആകെ 124 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.