കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നുവെങ്കിലും ജില്ലയില്‍ മരണനിരക്കില്‍ കാര്യമായ കുറവില്ല. ഈ മാസം ഇതുവരെ 62 മരണങ്ങള് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചപ്പോള്‍ മരണനിരക്ക് 0.37 ശതമാനമായി ഉയര്‍ന്നു.
ഇന്നലെ എട്ട് മരണങ്ങള്‍കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെയാണ് എണ്ണം വര്‍ധിച്ചത്. ഇതുവരെ 287 പേരാണു ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 88 മരണങ്ങള് കഴിഞ്ഞ ഒക്ടോബറിലും 75 മരണങ്ങള് നവംബറിലുമാണ് ഉണ്ടായത്.
നിലവിലെ സ്ഥിതിയില്‍ ഈ മാസവും മരണ നിരക്കില്‍ കാര്യമായ മാറ്റംവരാന്‍ സാധ്യതയില്ല. അതിനിടെ, ഇന്നലെ ജില്ലയില്‍ 377 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 476 പേര് രോഗ മുക്തി നേടി.
1,461 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയപ്പോള്‍ നിരീക്ഷണ കാലയളവ് അവസാനിച്ച 1,117 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു.
ഇതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28,259 ആയി. ഇതില്‍ 27,552 പേര് വീടുകളിലും 15 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 692 പേര് പണം കൊടുത്ത് ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
92 പേരെ ഇന്നലെ ആശുപത്രികളിലും എഫ്എല്റ്റിസികളിലുമായി പ്രവേശിപ്പിച്ചപ്പോള്‍ ഇവിടങ്ങളില്‍നിന്ന് 89 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ നിലവില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,969 ആണ്.
77,075 പേര്‍ക്കു ഇതുവരെ രോഗം സ്ഥിരീകരിച്ചപ്പോള്‍ 68,808 പേര് രോഗമുക്തരായിട്ടുണ്ട്. 89.27 ശതമാനമാണു ജില്ലയിലെ രോഗമുക്തി നിരക്ക്.