തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂലമുള്ള മരണം ഔദ്യോഗിക കണക്കുകളനുസരിച്ച് കാൽ ലക്ഷത്തിലേക്ക്.
ഇന്നലെ 155 മരണംകൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 24,965 ആയി. ഇതിനിടെ, ഒഴിവാക്കപ്പെട്ട മരണം കോവിഡ് പട്ടികയിൽ പെടുത്തുന്നതോടെ 8,000 മരണം കൂടി പട്ടികയിൽ വന്നേക്കും.
ജില്ലാതലത്തിൽ മരണം സ്ഥിരീകരിക്കാൻ തുടങ്ങിയ ജൂണ്‍ 14 നു മുന്‍പ് പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കിയ മരണങ്ങൾകൂടിയാണ് പട്ടികയിൽ ചേർക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ തീവ്രത സാവധാനമെങ്കിലും കുറഞ്ഞു വരികയാണ്. ഇന്നലെ 90,394 സാന്പിളുകൾ പരിശോധിച്ചപ്പോൾ 12,161 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.46 ശതമാനത്തിലേക്കു താഴ്ന്നു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തൃശൂർ 1,541, എറണാകുളം 1,526, തിരുവനന്തപുരം 1,282, കോഴിക്കോട് 1,275, മലപ്പുറം 1,017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂർ 666, ആലപ്പുഴ 647, ഇടുക്കി 606, പത്തനംതിട്ട 458, വയനാട് 457, കാസർഗോഡ് 128.