ന്യൂഡൽഹി: കോവിഡ് കാലത്ത്(2019-21) രാജ്യത്ത് ആത്മഹത്യ ചെയ്തത് 35,950 വിദ്യാർഥികൾ. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച കണക്കിലാണ് ഈ വെളിപ്പെടുത്തൽ.
സാമൂഹികവിവേചനംമൂലം ആത്മഹത്യചെയ്ത പട്ടികജാതി-പട്ടികവർഗ-പിന്നാക്ക സമുദായങ്ങളിലെ വിദ്യാർഥികളുടെ വിവരങ്ങൾ തേടിയുള്ള ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം 2019ൽ 10,335 വിദ്യാർഥികളാണ് ജീവിതം അവസാനിപ്പിച്ചത്. 2020ൽ ഇത് 12,526 ആയി ഉയർന്നു.
2021ൽ 13,089യും വർധിച്ചതായി സഹമന്ത്രി അബ്ബയ്യ നാരായണസ്വാമി പറഞ്ഞു. പ്രസ്തുത കാലയളവിൽ കേരളത്തിൽ യഥാക്രമം 418, 468, 497 വിദ്യാർഥികൾ ജീവനൊടുക്കി.
വിദ്യാർഥി ആത്മഹത്യയിൽ മുന്നിൽ മഹാരാഷ്ട്ര (4969)യാണ്. മിസോറ(25)മിലാണ് കുറവ്. കേന്ദ്രഭരണപ്രദേശങ്ങളിൽ ഡൽഹിയിലാണ് (854) ഏറ്റവും കൂടുതൽ വിദ്യാർഥി ആത്മഹത്യ. ലക്ഷദ്വീപിൽ ഒരു ആത്മഹത്യ പോലും നടന്നില്ലെന്നതും ശ്രദ്ധേയമായി.