നെയ്യാറ്റിന്‍കര: കോവിഡ് മഹാമാരി കാലത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലിജോയും സംഘവും ഇന്നലെ സംസ്കരിക്കാനായി ഏറ്റുവാങ്ങിയത് ഇരുന്നൂറാമത്തെ മൃതദേഹം.
ഇളവനിക്കര രണ്ടുകുളത്തിന്കര വീട്ടില്‍ വത്സല (60) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്നലെ മരിച്ചത്.
നെയ്യാറ്റിന്‍കര നഗരസഭയില്‍ കോവിഡ് -19 പ്രോട്ടോക്കോള്‍ പാലിച്ച് ഭൗതിക ശരീരം ദഹിപ്പിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പാറശാല ഗ്രാമപഞ്ചായത്തിലെ ഗ്യാസ് ക്രിമിറ്റോറിയമായ ശാന്തി നിലയത്തിലാണ് സംസ്കരിച്ചത്.
നഗരസഭ പരിധിയിലെ താമസക്കാരി ആയതിനാല്‍ നഗരസഭ ജീവനക്കാര്‍ മൃതദേഹം ഏറ്റുവാങ്ങി. ലിജോയ്ക്ക് പുറമേ ശുചീകരണ തൊഴിലാളികൾ ആയ സുരേഷ്, രാജേഷ് എന്നിവരാണ് ഇന്നലെ ഈ ദൗത്യം നിര്‍വഹിച്ചത്.
ശുചീകരണ തൊഴിലാളി വേലപ്പൻ, ആംബുലൻസ് ഡ്രൈവർമാരായ ബിനു, വിഷ്ണു, ബിജു എന്നിവരും കോവിഡ് ബാധിതരായി മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കാരത്തിനായി ഏറ്റുവാങ്ങുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നു.