പത്തനാപുരം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പത്തൊന്‍പത് ദിവസത്തിന് ശേഷവും സംസ്കരിച്ചില്ല. കഴിഞ്ഞ രണ്ടിന് മരിച്ച പത്തനാപുരം മഞ്ചളളൂർ സ്വദേശിയായ ദേവരാജന്റെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ അനാഥാവസ്ഥയിലുള്ളത്.
സംസ്കാരത്തിന് വീട്ടിൽ സ്ഥലമില്ലാത്തതിനാൽ ആരോഗ്യ വകുപ്പ് ഏറ്റെടുത്ത് സംസ്കരിച്ച് കൊള്ളുമെന്ന ധാരണയായിരുന്നു ബന്ധുക്കള്‍ക്ക്. ഇത് വിശ്വസിച്ചിരുന്ന ബന്ധുക്കൾ ഇന്നലെയാണ് മൃതദേഹം മോർച്ചറിയിൽ ഉണ്ടെന്നുള്ള വിവരം അറിയുന്നത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം പതിനെട്ടിനാണ് ദേവരാജനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുന്നത്.ഇതിനിടയിൽ ഇയാൾ കോവിഡ് ബാധിതനാകുകയും ഭാര്യയെ വീട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു.
വീട്ടിലെത്തിയ ഭാര്യയും കോവിഡ് പോസിറ്റീവ് ആയി. നിരീക്ഷണത്തിലായ ഇവരും ദേവരാജനും തമ്മിൽ പിന്നീട് നേരിൽ കണ്ടില്ല. ഇതിനിടെ ഒക്ടോബർ രണ്ടിന് ദേവരാജൻ മരിച്ചു എന്നുള്ള വിവരമാണ് ഭാര്യ പുഷ്പയെ അറിയിക്കുന്നത്.
വീട്ടിൽ സ്ഥലമില്ലാത്തതിനാൽ കൊല്ലത്തെ പൊതു ശ്മശാനത്തിൽ അടക്കാൻ ഭാര്യ ആരോഗ്യ വകുപ്പ് അധികൃതർക്ക് അനുവാദവും നൽകി. ഇന്നലെ മറ്റൊരു ആവശ്യത്തിന് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് ദേവരാജനെ സംസ്കരിച്ചിട്ടില്ലെന്ന് ഭാര്യ പുഷ്പ അറിയുന്നത്.
തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലമില്ലെന്ന് രേഖാമൂലം പോലീസില്‍ അറിയിച്ചു. മൃതദേഹം സംസ്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് ബന്ധുക്കള്‍ക്ക് ഉറപ്പ് നല്കി.