തിരുവനന്തപുരം: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്റെ (76) മരണമാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി.
കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് തങ്കപ്പൻ മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം ഇന്നലെ രാത്രിയാണ് ലഭിച്ചത്. ജൂൺ 24 ന് മുംബൈയിൽനിന്നെത്തിയ തങ്കപ്പൻ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
രോഗം മൂർഛിച്ചതോടെ ശനിയാഴ്ച മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ഇവിടെ എത്തി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ഇദ്ദേഹം കടുത്ത പ്രമേഹരോഗിയായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തങ്കപ്പന്റെ സമ്പർക്ക പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. മുംബൈയിൽനിന്ന് എത്തിയ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചതിനാൽ കൂടുതൽ ആളുകൾ ഇദ്ദേഹത്തിന്റെ സമ്പർക്കത്തിൽ എത്തിയിട്ടില്ലെന്നാണ് കരുതുന്നത്.