ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോഗ്യമന്ത്രാലയത്തിന്റെ ചുമതല ഏറ്റെടുത്തു. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സിസോദിയ താത്കാലികമായി ചുമതലയേൽക്കുന്നത്.
രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി ജെയിനെ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനി വിട്ടുമാറാത്തതിനെത്തുടർന്നാണ് ഡൽഹി ആരോഗ്യമന്ത്രിയെ വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയനാക്കിയത്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായിരുന്നു.
മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഉപദേശക അഭിനന്ദിത ദയാൽ മാത്തൂറിനും ആപ്പ് എംഎൽഎ അതിഷി മർലിന, ആം ആദ്മി പാർട്ടി വക്താവ് അക്ഷയ് മറാത്തെ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൽക്കാജി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ അതിഷി വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ്.
പനിയെത്തുടർന്ന് നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.