ശ്രീകണ്ഠപുരം(കണ്ണൂർ): കോവിഡ്-19 സ്ഥിരീകരിച്ച് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു.
ബ്ലാത്തൂർ പടിയൂർ സ്വദേശിയായ സുനിൽ കുമാർ (28) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് മരിച്ചത്. ഇതോടെ കണ്ണൂരിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.സംസ്ഥാനത്ത് 21 ഉം.
മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിൽ ഡ്രൈവറായ സുനിൽ കുമാറിനെ കോവിഡ് പിടിപെട്ടതെങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഒരാഴ്ച മുമ്പ് റിമാൻഡ് പ്രതിയെയും കൊണ്ട് കണ്ണൂർ ജില്ലാ ആശുപത്രിയിലും തോട്ടടയിലെ നിരീക്ഷണ കേന്ദ്രത്തിലും ഇയാൾ പോയിരുന്നെങ്കിലും ഇവിടുന്നാണോ രോഗബാധയുണ്ടായെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
ഒരാഴ്ച മുമ്പ് തൊണ്ടവേദനയെത്തുടർന്ന് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പനിയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.
ഇവിടുന്ന് പനി മൂർച്ഛിച്ചതോടെ കഴിഞ്ഞ 14 നാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇയാളുടെ സമ്പർക്ക പട്ടികയിൽ 150 ഓളം പേർ ഉൾപ്പെട്ടതായാണ് അരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന വിവരം. പടിയൂർ പഞ്ചായത്തിൽ മാത്രം 72 പേർ സമ്പർക്ക പട്ടികയിലുണ്ട്.
ഇനിയും കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കോവിഡ് ലക്ഷണങ്ങളെത്തുടർന്ന് ഇന്നലെ രാത്രി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എക്സൈസ് ഡ്രൈവറുടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മട്ടന്നൂരിൽ എക്സൈസ് ഓഫീസും അടച്ചിട്ടിരിക്കുകയാണ്. ഇവിടെയുള്ള ജീവനക്കാർ ക്വാറന്റൈനിലാണ്.