തിരുവനന്തപുരം: രണ്ടാ തരംഗത്തിൽ രോഗികളുടെ എണ്ണം വർധിച്ചതോടെ കോവിഡ് ഡിസ്ചാർജ് പ്രോട്ടോക്കോൾ പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി.
കോവിഡ് രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ചെറിയ ലക്ഷണമുള്ളവർക്കും ലക്ഷണമില്ലാത്തവർക്കും ഡിസ്ചാർജ് നൽകാമെന്നാണ് പുതിയ തീരുമാനം.
ഇത്തരക്കാർക്ക് ഡിസ്ചാർജ് നൽകാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ ഈ വിഭാഗത്തിലുള്ളവർ പോസീറ്റീവ് ആയതുമുതൽ 17 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
രോഗികളുടെ എണ്ണം കൂടിയതോടെ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്തവർ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുന്നതിന് പുതിയ തീരുമാനം സഹായകമാകും.
നിലവിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെ പോലും ഉൾപ്പെടുത്താൻ കഴിയാതെ കോവിഡ് സെന്ററുകൾ നിറയുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.