കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ ഡോക്ടര്‍ ആണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഇദേഹത്തിന്റെ രോഗം എവിടെനിന്നാണ് പകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല. കോട്ടയം സ്വദേശിയാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതാണെന്നാണ് സൂചന. അതേസമയം ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ കുറവുണ്ടായത് ജില്ലയില്‍ ആശ്വാസം നല്‍കുന്നുണ്ട്. 15 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ അഞ്ചു പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ പകര്‍ന്നത്. എന്നാല്‍ ഇന്നലെയും ഉറവിടം കണ്ടെത്താനാകാത്ത കേസും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 333 ആണ്.
കളമശേരി മെഡിക്കല്‍ കോളജില്‍ 102 പേരും അങ്കമാലി അഡ്ലക്സില്‍ 206 പേരും സിയാല്‍ എഫ്എല്‍ടിസിയില്‍ 20 പേരും, ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ രണ്ടുപേരും, സ്വകാര്യ ആശുപത്രിയില്‍ മൂന്നുപേരുമാണ് ചികിത്സയിലുളളത്. 12 പേര്‍ക്കാണ് ഇന്നലെ രോഗം ഭേദമായത്.
ജില്ലയില്‍ നിന്നും റൂട്ടീന്‍ പരിശോധനയുടെ ഭാഗമായി ഇന്നലെ 402 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 311 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 15 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവുമായിരുന്നു.
ഇനി 1356 ഫലങ്ങളാണ് ലഭിക്കാനുള്ളത്. ജില്ലയിലെ സ്വകാര്യ ലാബുകളിലും സ്വകാര്യ ആശുപത്രികളില്‍ നിന്നുമായി ഇന്ന് 344 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഇവിടങ്ങളില്‍ നിന്ന് ഇന്ന് ലഭിച്ച 1725 പരിശോധന ഫലങ്ങളും നെഗറ്റീവാണ്.