ഗാന്ധിനഗർ (കോട്ടയം): സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ കോവിഡ് രോഗികളുടെ പ്രാഥമിക സന്പർക്ക പട്ടികയിൽ വന്നാൽ അവർക്ക് അനുവദിച്ചിരുന്ന സ്പെഷൽ അവധി റദ്ദ് ചെയ്ത പുതിയ ഉത്തരവ് ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് വിനയാകുന്നു.
രോഗികളുമായി ഏറ്റവും കൂടുതൽ അടുത്തിടപഴകുന്നവരാണ് ആരോഗ്യ പ്രവർത്തകർ. ഡോക്ടർമാരും, നഴ്സുമാരും കഴിഞ്ഞാൽ രോഗികളുമായി ഏറ്റവും കൂടുതൽ സന്പർക്കം പുലർത്തുന്നതും ആശുപത്രിയിലെ ജീവനക്കാരാണ്.
ഇവർക്ക് എപ്പോൾ വേണമെങ്കിലും രോഗം പിടിപെടാവുന്ന അവസ്ഥയാണ്. ഇങ്ങനെയുള്ളവർക്ക് രോഗം പിടിപെട്ടാൽ പ്രത്യേക അവധി അനുവദിക്കുകയും നിരീക്ഷണത്തിൽ കഴിയുകയും ചെയ്യാമായിരുന്നു.
എന്നാൽ പുതിയ ഉത്തരവു പ്രകാരം പ്രത്യേക അവധി റദ്ദ് ചെയ്തെന്നു മാത്രമല്ല കോവിഡ് രോഗികളുമായി പ്രാഥമിക സന്പർക്കത്തിൽ വരുന്ന ജീവനക്കാർ അക്കാര്യം ഓഫീസിൽ വെളിപ്പെടുത്തണമെന്നും സ്വയം നിരീക്ഷണം നടത്തുകയും സാമൂഹിക അകലം പാലിച്ചു കൃത്യമായി ഓഫീസിൽ എത്തണമെന്നുമാണ്.
മാത്രമല്ല ഏതെങ്കിലും രോഗലക്ഷണങ്ങളുണ്ടായാൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടപടി സ്വീകരിക്കണമെന്നുമാണ് ഉത്തരവിൽ പറയുന്നത്.
പ്രാഥമിക സന്പർക്കത്തിൽപെട്ട ജീവനക്കാരോട് ഓഫീസിൽ എത്തണമെന്നു പറയുന്നതുതന്നെ രോഗവ്യാപനത്തിനു കാരണമാകുമെന്നിരിക്കെയാണ് സർക്കാരിന്റെ പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്.
ഇത് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും രോഗം പടരുവാൻ കാരണമാകുമെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു.
അതിനാൽ ഉത്തരവുകൾ റദ്ദാക്കണമെന്നും ആരോഗ്യരംഗത്തു പ്രവർത്തിക്കുന്ന ജീവനക്കാരെ ഇതിൽനിന്നും ഒഴിവാക്കണമെന്നുമുള്ള ആവശ്യവുമുയർന്നിട്ടുണ്ട്.