സ്വന്തം ലേഖകൻ
തൃശൂർ: ക്വാറന്റൈൻ കേന്ദ്രങ്ങളിൽ അധ്യാപകർക്കു നിശ്ചയിച്ചിരുന്ന 12 മണിക്കൂർ ഡ്യൂട്ടി സമയം കുറച്ചു. ഡ്യൂട്ടി സമയം നൽകിയത് വിവാദമായതിനെ തുടർന്നാണ് ഏഴ് മണിക്കൂറായി കുറച്ചത്.
12 മണിക്കൂർ ഡ്യൂട്ടി സമയം നിശ്ചയിച്ചത് സംബന്ധിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രദീപിക വാർത്ത നൽകിയിരുന്നു. രാവിലെ ഏഴിന് എത്തുന്നവർ രാത്രി ഏഴിനും രാത്രി ഏഴിനെത്തുന്നവർ രാവിലെ ഏഴിനുമാണു പോകാൻ കഴിഞ്ഞിരുന്നത്.
അധ്യാപികമാർ ഇത്തരത്തിൽ ഡ്യൂട്ടി സമയം കഴിഞ്ഞു വീട്ടിൽ പോകാൻ പോലും കഴിയാതെ ഏറെ ബുദ്ധിമുട്ടിയിരുന്നു. സർക്കാരിന്റെ പ്രതികാര നടപടിയായാണു പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടിയെന്നത് വിവാദമായതോടെയാണു ഡ്യൂട്ടി സമയം കുറയ്ക്കാൻ തീരുമാനിച്ചത്.
ഉത്തർപ്രദേശ് സർക്കാർ ഇത്തരത്തിൽ ജീവനക്കാർക്കു 12 മണിക്കൂർ ഡ്യൂട്ടി സമയം നിശ്ചയിച്ചത് വൻ പ്രതിഷേധത്തിനു കാരണമായിരുന്നു. പിന്നീട് അവിടെ ഡ്യൂട്ടി സമയം കുറച്ചു. ഈ വിവാദം നടക്കുന്നതിനിടെയാണ് കേരളത്തിലും അധ്യാപകർക്കു 12 മണിക്കൂർ ഡ്യൂട്ടി സമയം നൽകിയത്.