ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് കോവിഡ് ഡ്യൂട്ടി നൽകുന്ന കാര്യത്തിൽ അധികൃതർ വിവേചനം കാണിക്കുന്നതായി പരാതി.
കഴിഞ്ഞ മാർച്ച് ഒന്പതിനാണ് ആദ്യമായി കോവിഡ് ബാധിതർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തുന്നത്. അഞ്ചു മാസം പിന്നിടുന്പോൾ ആദ്യനാളുകളിൽ കോവിഡ് ഡ്യൂട്ടി ചെയ്തവരെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിക്കുന്പോൾ ചില ജീവനക്കാർക്ക് ഇതുവരെ കോവിഡ് ഡ്യൂട്ടി കൊടുക്കാതെ അധികൃതർ വിവേചനം കാണിക്കുന്നുവെന്നാണ് പരാതി.
കൂടാതെ ഡ്യൂട്ടി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റുമാർക്ക് മറ്റുള്ള ജീവനക്കാർക്ക് ലഭിക്കുന്നതുപോലുള്ള ക്വാറന്റൈൻ അനുവദിക്കുന്നുമില്ല. കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റുമാരുടെ സ്രവ പരിശോധന നടത്താതെ തന്നെ മൂന്നാം ദിവസം അടുത്ത വാർഡിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുകയാണ് ചെയ്യുന്നത്. ഇതു രോഗവ്യാപനത്തിന് കാരണമായേക്കാമെന്നും ഈ വിഭാഗം ജീവനക്കാർ പറയുന്നു.
അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാർ അടക്കമുള്ളവർ മൂന്നു മണിക്കൂർ കഴിയുന്പോൾ സുരക്ഷാ വസ്ത്രങ്ങൾ മാറുന്നു. എന്നാൽ നഴ്സിംഗ് അസിസ്റ്റന്റുമാർ രാത്രികാല ഡ്യൂട്ടിയിൽ 12 മണിക്കൂറും, പകൽ സമയങ്ങളിൽ ആറ് മണിക്കൂറും ഒരേ വസ്ത്രങ്ങൾ ധരിക്കേണ്ടി വരുന്നു.
ഡ്യൂട്ടി കഴിഞ്ഞാൽ കുളിക്കുന്നതിന് പൊതുവായ ശുചി മുറിയാണ് ഉപയോഗിക്കേണ്ടി വരുന്നതെന്നും പറയുന്നു. ഇതുവരെ കോവിഡ് ഡ്യൂട്ടി ചെയ്യാത്തവർക്ക് കോവിഡ് ഡ്യൂട്ടി നൽകുകയും, എല്ലാവർക്കും ക്വാറന്റൈൻ കാലാവധി അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
എന്നാൽ നഴ്സിംഗ് അസിസ്റ്റന്റ് വിഭാഗത്തിൽപ്പെട്ട കോവിഡ് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർ, രോഗികളുമായി അടുത്തിടപഴകാറില്ലെന്നും വിവിധ സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് രോഗികളെ സ്ട്രെച്ചറുകളിൽ കയറ്റി കൊണ്ടുപോയശേഷം തിരികെ വാർഡിൽ എത്തിക്കുന്ന ജോലി മാത്രമേ ചെയ്യുന്നുള്ളൂ.
അത് സുരക്ഷാ വസ്ത്രം ധരിച്ചാണ് ചെയ്യുന്നത്. അതിനാൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ക്വാറന്റൈൻ കാലാവധി ആവശ്യമില്ലെന്നും അധികൃതർ പറയുന്നു.