കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിൽ ഇന്നലെ മാത്രം 1,655 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 5,701 ആയി ഉയർന്നു.
വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 903 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് ഇന്നലെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. നിരീക്ഷണപ്പട്ടികയിൽനിന്ന് ഒഴിവാക്കിയവരിൽ 889 പേർ വിമാന യാത്രക്കാരാണ്.
അതിനിടെ, ഇന്നലെ പുതുതായി നാലു പേരെ കൂടി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കൽ കോളജിൽ മൂന്നു പേരെയും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒരാളെയുമാണ് പ്രവേശിപ്പിച്ചത് . ഇതോടെ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 29 ആയി.
നിലവിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് എറണാകുളത്ത് ചികിത്സയിലുള്ളത് 13 പേരാണ്. ഇതിൽ നാലു പേർ ബ്രിട്ടീഷ് പൗരന്മാരും ആറു പേർ എറണാകുളം സ്വദേശികളും രണ്ടു പേർ കണ്ണൂർ സ്വദേശികളും ഒരാൾ മലപ്പുറം സ്വദേശിയുമാണ്.
ജില്ലയിൽ കോവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ള 37 വയസുള്ള എറണാകുളം സ്വദേശിയുടെ അടുത്ത ബന്ധുവിന്റെ സാന്പിൾ പരിശോധനയിൽ നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ആശുപത്രികളിലും വീടുകളിലുമായി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5,730 ആയി.
ഇതുവരെയായി ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ ആകെ എണ്ണം 11,728 ആണ്.