കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ ഒരു ആരോഗ്യ പ്രവർത്തകന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സന്പർക്കത്തിൽ വന്ന എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചതായി അധികൃതർ.
ജില്ലാ സർവൈലൻസ് യൂണിറ്റ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ ചെറിയതോതിലെങ്കിലും രോഗവ്യാപന സാധ്യത ഉള്ളവർ ഉൾപ്പെടെ 32 പേരെ നിരീക്ഷണത്തിലാക്കിയതായും അധികൃതർ വ്യക്തമാക്കി.
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസമില്ല. ആശുപത്രി പ്രവർത്തനങ്ങളിൽ ജനങ്ങൾ ആശങ്ക പറഞ്ഞതിനാൽ നിരീക്ഷണത്തിലുള്ള ഒൻപത് ആരോഗ്യ പ്രവർത്തകരെ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധിക്കാൻ തീരുമാനിച്ചു.
ഇന്നലെ കൊച്ചി തുറമുഖത്തെത്തിയ രണ്ടു കപ്പലുകളിലെ 50 ക്രൂ അംഗങ്ങളെ പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെയാണു
എറണാകുളം ജില്ലയിൽ ഒരു ആരോഗ്യപ്രവർത്തകന് കോവിഡ് 19 സ്ഥിരീകരിച്ചത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു. ഇന്നലെയാണ് രോഗലക്ഷണങ്ങൾ കണ്ടത്. എറണാകുളം മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.