കൊച്ചി: ഒരിടവേളയ്ക്കുശേഷം എറണാകുളം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച മൂന്ന് പേരുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടിക അധികൃതര്‍ തയാറാക്കി. കഴിഞ്ഞ എട്ടിന് രോഗം സ്ഥിരീകരിച്ച 30 വയസുള്ള ചെന്നൈ സ്വദേശിനിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 12 പേരാണുള്ളത്.
ഇതില്‍ ആറുപേര്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവരും, നാലുപേര്‍ പാലക്കാട് ജില്ലയില്‍നിന്നുള്ളവരും രണ്ടുപേര്‍ ചെന്നൈയില്നിന്നുള്ളവരുമാണ്. ഒന്‍പതിന് രോഗം സ്ഥിരീകരിച്ച 23 കാരനായ മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 26 പേരാണ് വന്നിട്ടുള്ളത്.
ഇവരെല്ലാം ഏഴിനുണ്ടായിരുന്ന അബുദാബി-കൊച്ചി വിമാനത്തില്‍ സഞ്ചരിച്ച എറണാകുളം ജില്ലക്കാരാണ്. ഇതില്‍ ഏഴ് പേര് ഹൈ റിസ്ക് വിഭാഗത്തിൽ ഉള്‍പ്പെടുന്നു. പത്തിന് രോഗം സ്ഥിരീകരിച്ച അഞ്ചു വയസുള്ള ആണ്‍കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള എട്ട് പേരില്‍ അഞ്ചുപേര്‍ എറണാകുളം ജില്ലയില്‍നിന്നുള്ളവരും മൂന്നുപേര്‍ പാലക്കാട് ജില്ലക്കാരുമാണ്.
ആദ്യം രോഗം സ്ഥിരീകരിച്ച ചെന്നൈ സ്വദേശിനിയുടെ മകനാണ് അഞ്ചുവയസുകാരന്. ഈ മൂന്ന് കേസുകളുടെയും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരും വീടുകളില്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ, ഇന്നലെ ജില്ലയില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ കോവിഡ് ബാധിച്ചവരില്‍ ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ബാക്കി രണ്ടുപേര്‍ കളമശേരി മെഡിക്കല്‍ കോളജിലുമാണുള്ളത്.
ഇന്നലെ 386 പേരെ കൂടി ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 42 പേരെ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 2,146 ആയി. ഇതില്‍ 15 പേര് ഹൈ റിസ്ക് വിഭാഗത്തിലും 2131 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്.
പുതുതായി 18 പേരെ ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ എട്ടുപേരെയും സ്വകാര്യ ആശുപത്രികളില്‍ പത്തു പേരെയുമാണു പ്രവേശിപ്പിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന നാലുപേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.
ഇതോടെ നിലവില്‍ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 45 ആയി. ജില്ലയില്‍നിന്നു 39 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ ഇനി 52 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.