കൊച്ചി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരവേ എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റ് റേറ്റ് കുത്തനെ താഴ്ന്നു.
ലോക്ഡൗണിന്റെ ആരംഭഘട്ടത്തില്‍ 30 ശതമാനത്തോളമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഇന്നലത്തെ കണക്കുകള്‍ പ്രകാരം12.57 ശതമാനമായാണു കുറഞ്ഞത്. 80 ശതമാനത്തിലും താഴെയായിരുന്ന രോഗമുക്തി നിരക്കാകട്ടെ 90 ശതമാനത്തോടടുത്തു.
നിലവില്‍ 89.35 ശതമാനമാണു ജില്ലയിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ രണ്ടാഴ്ചയായി രോഗികളുടെ എണ്ണത്തേക്കാള്‍ രോഗമുക്തരുടെ എണ്ണം ഉയര്‍ന്നുനില്‍ക്കുന്നതും ജില്ലയ്ക്ക് ആശ്വാസമാകുന്നുണ്ട്. ജില്ലയില്‍ നിലവില്‍ 10.35 ശതമാനം രോഗികളാണു ചികിത്സയിലുള്ളത്.
മരണനിരക്കാകട്ടെ 0.28 ശതമാനത്തില്‍ തുടരുകയാണ്. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ ടിപിആര്‍ 10 ശതമാനത്തിലും താഴെയെത്തിക്കാന്‍ സാധിക്കുമെന്നാണു അധികൃതരുടെ വിലയിരുത്തല്‍.
അതിനിടെ, ഇന്നലെ ജില്ലയില്‍ 1247 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4003 പേര് രോഗ മുക്തി നേടി.1344 പേരെ ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയപ്പോള്‍ നിരീക്ഷണ കാലയളവ് അവസാനിച്ച 5300 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 80225 ആയി കുറഞ്ഞു.