കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ ജില്ലയില്‍ കുട്ടികള്‍ക്കിടയില്‍ രോഗബാധ വര്‍ധിക്കുന്നു. ഇന്നലെമാത്രം പത്ത് വയസിനു താഴെയുള്ള 23 കുട്ടികള്‍ക്കാണു ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ ഒരു വയസായ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. കോതമംഗലം സ്വദേശിയായ ഒരു വയസുകാരനു പുറമേ മഴുവന്നൂര്‍ സ്വദേശിനിയായ ഒരു വയസുള്ള കുട്ടിക്കുമാണു ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
പ്രതിദിന കണക്കില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ച ദിവസമായിരുന്നു ഇന്നലെ. 192 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 185 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗം. ഈ മാസം നാലിന് 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ഇതിനു മുന്‍പുള്ള ഉയര്‍ന്ന പ്രതിദിന കണക്ക്.
64 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 103 വയസുള്ള ആലുവ മാറമ്പള്ളി പുറക്കോട്ട് വീട്ടില്‍ പരീദ് കോവിഡ് മുക്തനായി ആശുപത്രിവിട്ടത് ജില്ലയുടെ ശയസ് ഉയര്‍ത്തി. രോഗബാധിതരുടെ എണ്ണം ഇരുന്നൂറിനടുത്ത് എത്തിയതോടെ ലാര്‍ജ് കസ്റ്ററുകള്ക്ക് പുറമേ പുതിയ സ്ഥലങ്ങളിലേക്കും രോഗം അതിരൂക്ഷമായി വ്യാപിക്കുകയാണെന്നാണു സൂചനകള്‍.
ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവയ്ക്കു പുറമെ ആയവന, കടമക്കുടി, ചെങ്ങമനാട്, അങ്കമാലി തുറവൂര്‍ മേഖലകളിലാണ് കോവിഡ് കൂടുതലായി പടര്‍ന്നു പിടിക്കുന്നത്. അതേസമയം സമ്പര്‍ക്ക വ്യാപനത്തിന്റെ അദ്യഘട്ടത്തില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത ആലുവ, ചെല്ലാനം മേഖലകളില്‍ രോഗവ്യാപനം ഏറെക്കുറെ നിയന്ത്രിക്കാനായിട്ടുണ്ട്.
നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും 11 നാവികസേന ഉദ്യോഗസ്ഥര്‍ക്കും ഇന്ത്യ റിസേര്‍വ് ബറ്റാലിയനിലെ നാല് ഉദ്യോഗസ്ഥര്‍ക്കും ഇന്നലെ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചു. നിലവില്‍ 1,572 പേരാണു കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 943 പേരെകൂടി നിരീക്ഷണത്തിലാക്കിയപ്പോള്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയ 382 പേരെ ഒഴിവാക്കി. നിലവില്‍ 14,415 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്.
ഇതില്‍ 12,385 പേര് വീടുകളിലും 186 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1,844 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.