കൊച്ചി: കോവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരണമടഞ്ഞവരുടെ എണ്ണം ഇരുന്നൂറിലേക്ക്. ഇന്നലെവരെ 198 മരണങ്ങളാണു ജില്ലയില്‍ കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്.
ഈ മാസം ഇതുവരെ 48 മരണങ്ങളുണ്ടായപ്പോള്‍ ഇന്നലെ രണ്ടുപേരുടെ മരണം കോവിഡ്മൂലമെന്നു സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍പേര്‍ മരിച്ച ജില്ലകളില്‍ മൂന്നാമതാണു എറണാകുളം. 0.33 ശതമാനമാണു മരണ നിരക്ക്.
മാര്‍ച്ച് 28 നാണ് ജില്ലയില്‍ ആദ്യ കോവിഡ് മരണമുണ്ടായത്. പിന്നീട് 99 ദിവസങ്ങള്‍ക്കുശേഷം രണ്ടാമതൊരു മരണംകൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം 88 കോവിഡ് മരണങ്ങള് ജില്ലയില്‍ സ്ഥിരീകരിച്ചപ്പോള്‍ ഇതുവരെയുള്ള മരണങ്ങളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത് ഒക്ടടോബര്‍, നവംബര്‍ മാസങ്ങളിലാണെന്നത് ആശങ്കയുളവാക്കുന്നു. അതിനിടെ, ജില്ലയില്‍ രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസകരമാകുന്നുണ്ട്. 84.36 ശതമാനമാണു നിലവിലെ രോഗമുക്തി നിരക്ക്.
കഴിഞ്ഞ ഏതാനും നാളുകളായി ജില്ലയില്‍ രോഗമുക്തി നിരക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തുന്നതും ആശ്വാസകരമാണ്. ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 59,249 ആയി ഉയര്‍ന്നപ്പോള്‍ 49,981 പേര് രോഗമുക്തരായി.
9,059 പേരാണു നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 7,258 പേര് വീടുകളിലും 100 പേര് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണുള്ളത്. ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രി (25), പിവിഎസ് (45), ജിഎച്ച് മൂവാറ്റുപുഴ (അഞ്ച്), ഡിഎച്ച് ആലുവ (അഞ്ച്), പറവൂര്‍ താലൂക്ക് ആശുപത്രി (ഏഴ്), സഞ്ജീവനി (26), സ്വകാര്യ ആശുപത്രികള്‍ (551), എഫ്എല്‍റ്റിസികള്‍ (671), എസ്എല്‍റ്റിസികള്‍ (129) എന്നിങ്ങനെയാണു മറ്റിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍.
ഇന്നലെ 423 പേര്‍ക്കാണു ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. 936 പേര് രോഗ മുക്തരായപ്പോള്‍ സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്നലെമാത്രം 283 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. ഇതില്‍ ഉറവിടം അറിയാത്ത 121 പേരാണുള്ളത്.
രോഗബാധയുടെ പശ്ചാത്തലത്തില്‍ 1,813 പേരെകൂടി ജില്ലയില്‍ ഇന്നലെ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2,293 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു.
ഇതോടെ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29,193 ആയി. ഇതില്‍ 28,030 പേര് വീടുകളിലും 36 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1,127 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.