കോട്ടയം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രതാനിർദേശം. വരുംദിവസങ്ങളിൽ സാമൂഹ്യവ്യാപനത്തിലൂടെ രോഗികളുടെ എണ്ണം ചില പ്രദേശങ്ങളിൽ കുത്തനെ ഉയരാൻ സാധ്യത കാണുന്നതിനാൽ ഒൻപത് താത്കാലിക ചികിത്സാ കേന്ദ്രങ്ങൾക്ക് അനുമതിയായിട്ടുണ്ട്.
ജില്ലയിൽ ഇതുവരെ 400ൽ പരം പേർക്കാണ് രോഗം ബാധിച്ചത്. 215 പേരുടെ രോഗം ചികിത്സയിലൂടെ ഭേദമായി. നിലവിൽ ഇരുന്നൂറോളം പേർ ചികിത്സയിലുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കും.
കോട്ടയം മെഡിക്കൽ കോളജ്, കോട്ടയം ജനറൽ ആശുപത്രി, പാലാ ജനറൽ ആശുപത്രി, മുട്ടന്പലം ഗവണ്മെന്റ് വർക്കിംഗ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം എന്നിവിടങ്ങളിലും ഇതര ജില്ലകളിലെ രണ്ട് ആശുപത്രികളിലുമാണ് കോട്ടയം ജില്ലക്കാർ ചികിത്സയിലുള്ളത്.
രോഗികളുടെ നിരക്കിലും വ്യാപനത്തിലും ഒന്നാമതുള്ള പാറത്തോട് പഞ്ചായത്തിൽ 7,8,9 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. 28 ദിവസം ഇവിടെ കർശനനിയന്ത്രണവും നിരീക്ഷണവും തുടരും. ഇന്നലെ മുതൽ സാന്പിൾ പരിശോധന ഈ വാർഡുകളിൽ നടന്നുവരുന്നു.
ചിറക്കടവ് (4,5), മണർകാട് (8), അയ്മനം (6), കടുത്തുരുത്തി (16), ഉദയനാപുരം (16), തലയോലപ്പറന്പ് (4) വാർഡുകളും നിലവിൽ കണ്ടെയ്ൻമെന്റ് സോണുകളാണ്. സംസ്ഥാനത്തിനു പുറത്തുനിന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ അയ്യായിരത്തിലേറെ പേർ എത്തുമെന്നാണ് സൂചന.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള രോഗികളിൽ ഏറെപ്പേർക്കും വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ല എന്നതാണ് പരിമിതി. ഹോട്ടലുകളിൽ മുറിയെടുക്കാൻ സാന്പത്തിക പരിമിതിയുമുണ്ട്. മാർക്കറ്റുകളിലും ബസ് സ്റ്റാൻഡുകളിലും നിയന്ത്രണങ്ങൾ കർക്കശമാക്കാനാണ് തീരുമാനം.