കൊച്ചി: വെണ്ടുരുത്തി പാലത്തില്‍നിന്ന് ഇന്നലെ രാത്രി കായലിലേക്ക് ചാടിയത് മലപ്പുറം താനൂര്‍ സ്വദേശിയായ 65 വയസുകാരന്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ കോവിഡ് പരിശോധന ഫലം ഇന്ന് ലഭിച്ചേക്കുമെന്നാണു സൂചന.
തനിക്ക് കോവിഡ് ഉണ്ടെന്ന് ഇയാള്‍ തന്നെ പറഞ്ഞ സാഹചര്യത്തിലാണ് അധികൃതര്‍ പരിശോധന നടത്തിയതെന്നാണു വിവരങ്ങള്‍. ഇന്നലെ രാത്രി എട്ടോടെയാണ് ഇയാള്‍ കായലിലേക്ക് ചാടിയത്. ഇത് കണ്ടയുടന്‍ കായലിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഇയാളെ രക്ഷിക്കാനുള്ള ശ്രമം നടത്തി.
താന്‍ കോവിഡ് രോഗിയാണെന്ന് ഇയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞതോടെ തൊഴിലാളികള്‍ പരിഭ്രാന്തിയിലായി. എങ്കിലും അവര്‍ ഇയാള്‍ക്ക് നേരേ വടം എറിഞ്ഞു കൊടുത്തു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനാംഗങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി സുരക്ഷാ ഉടുപ്പുകള്‍ ധരിച്ചാണ് കായലില്‍ ഇറങ്ങിയത്.
കായലരികില്‍ ചെളി അടിഞ്ഞതിനാല്‍, ഇയാളെ കരയിലേക്ക് കൊണ്ടുവരുന്നത് ദുഷ്കരമായി. അഗ്നിശമന സേന വല ഉപയോഗിച്ചാണ് ഇയാളെ കരയിലെത്തിച്ചത്. ഇയാള്‍ ബോധരഹിതനായിരുന്നു. കോവിഡ് ഉണ്ടെന്ന് ഇയാള്‍ തന്നെ പറഞ്ഞ സാഹചര്യത്തിലാണു രക്ഷപ്പെടുത്തിയ നാല് അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കിയത്.
മലപ്പുറം സ്വദേശിയായ 65 വയസുകാരണൻ മകനുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയതാണെന്നാണ് അധികൃതര്‍ നല്കുന്ന വിവരം. ഇയാളെ കാണാനില്ലെന്നുകാട്ടി പോലീസ് സ്റ്റേഷനില്‍ പരാതിയുള്ളതായും അധികൃതര്‍ പറഞ്ഞു. രക്ഷപെടുത്തുന്പോൾ വയറില്‍ മുറിവേറ്റ നിലയിലായിരുന്നു . ഇയാള്‍തന്നെ കുത്തി പരിക്കേല്പിച്ചതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.