അന്പലപ്പുഴ: മത്സ്യബന്ധന മേഖലയിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറക്കുന്നു. കാഴ്ചക്കാരായി പോലീസും ഉദ്യോഗസ്ഥരും. പായൽക്കുളങ്ങര പടിഞ്ഞാറ് അഞ്ചാലും കാവിലാണ് യാതൊരു നിയന്ത്രണവും പാലിക്കാതെ തൊഴിലാളികൾ തിങ്ങിനിൽക്കുന്നത്.
ഇതിന് തൊട്ടടുത്ത വാർഡ് കണ്ടെയ്ൻമെന്റ് സോണാണ്. ഇവിടെ നിന്നു പോലും നിരവധി മത്സ്യത്തൊഴിലാളികളാണ് അഞ്ചാലും കാവിൽ
ണ്ടമത്സ്യബന്ധനത്തിനെത്തുന്നത്.
സാമൂഹിക അകലം പാലിക്കാതെ…
സാമൂഹിക അകലം പോലും പാലിക്കാതെ പുലർച്ചെ മുതൽ നൂറുകണക്കിന് തൊഴിലാളികളാണ് ഇവിടെ തടിച്ചുകൂടുന്നത്. കോവിഡ് വ്യാപന ആശങ്ക കണക്കിലെടുത്താണ് അഞ്ചാലും കാവ്, കാക്കാഴം പി.ബി. ജംഗ്ഷൻ, വളഞ്ഞവഴി എന്നിവിടങ്ങളിലെ മത്സ്യ ബന്ധനം നിരോധിച്ചത്.
എന്നാൽ കർശന നിയന്ത്രണത്തോടെ ഏതാനും ദിവസം മുന്പ് പി.ബി. ജംഗ്ഷൻ ഒഴികെയുള്ള മറ്റ് രണ്ട് കേന്ദ്രങ്ങളിൽ മത്സ്യബന്ധനം പുനരാരംഭിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി.
എന്നാൽ ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച നിയന്ത്രണങ്ങളൊക്കെ ഇവിടെ കാറ്റിൽപ്പറക്കുകയാണ്. പോലീസിന്റെയും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിലാണ് നിയന്ത്രണങ്ങളുടെ ലംഘനമെന്നാണ്ആക്ഷേപം.
ഈ രീതിയിലുള്ള മത്സ്യ ബന്ധനം തീരദേശത്ത് ഇനിയും കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നു. മത്സ്യ ബന്ധനം പുനരാരംഭിച്ച കേന്ദ്രങ്ങളിൽ ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളാണ് എത്തുന്നത്.
തീരദേശത്ത് ഓരോ ദിവസം കഴിയുന്തോറും കോവിഡ് ബാധിതരുടെ എണ്ണം പെരുകി വരികയാണ്. എന്നിട്ടും സമൂഹ വ്യാപനത്തിന് കാരണമാകുന്ന മത്സ്യബന്ധനത്തിന് അനുമതി നൽകിയ ജില്ലാ ഭരണകൂടത്തിന്റെ നടപടി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അനുമതി നൽകിയ പ്രദേശങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് അധികൃതർ ഉറപ്പാക്കാത്തത് പ്രശ്നം സൃഷ്ടിക്കുന്നു. അന്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളാകെ കോവിഡിന്റെ പിടിയിലാണ്.
ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള മത്സ്യബന്ധനം വിലക്കണമെന്ന് ആവശ്യമുയരുന്നു.