സ്വന്തം ലേഖകന്‍
കോഴിക്കോട്: തടവറകളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാരിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം. ജയില്‍ വിഭവങ്ങള്‍ വില്പന നടത്താന്‍ കഴിയാതെ ഫ്രീഡം കൗണ്ടറുകള്‍ അടച്ചതാണ് കാരണം.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലാജയില്‍ കേന്ദ്രീകരിച്ചുള്ള ഭക്ഷ്യവിതരണം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
നിലവില്‍ 53 അന്തേവാസികള്‍ക്കാണ് കോവിഡ് പോസിറ്റീവായത്. വീണ്ടും കൗണ്ടറുകള്‍ തുറക്കണമെങ്കില്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നാണ് ജയിലധികൃതര്‍ പറയുന്നത്.
നിലവില്‍ കോവിഡ് പോസിറ്റീവായ അന്തേവാസികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവർ ക്വാറന്റൈനിലുമാണ്.ഇതോടെ ഭക്ഷണം പാകം ചെയ്യാന്‍ അന്തേവാസികളില്ലാതായി.
കഴിഞ്ഞവർഷം 80 ലക്ഷം രൂപയുടെ ഭക്ഷണമാണ് വിറ്റഴിച്ചിരുന്നത്. ഇതില്‍ ഏഴു ലക്ഷം രൂപയുടെ ലാഭമാണുണ്ടായതെന്ന് ജയില്‍വകുപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്താകെ ജയിലുകളിലെ ഫുഡ് കൗണ്ടറുകളിലൂടെ 21 കോടിയുടെ വില്പനയാണ് നടന്നത്. 2.5 കോടിയുടെ ലാഭവും ഉണ്ടായിട്ടുണ്ട്.
കോഴിക്കോട് നഗരത്തില്‍ മൂന്നിടത്താണ് ജയില്‍ വിഭവങ്ങളുടെ വില്പനയുള്ളത്. ജയിലിനോട് ചേര്‍ന്നും കളക്ടറേറ്റിന് സമീപത്തും മാനഞ്ചിറ എല്‍ഐസി ഓഫിസിന് സമീപത്തുമായിരുന്നു കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി ഏഴുവരെയായിരുന്നു വില്പന. ജയിലിലെ അന്തേവാസികള്‍ നിര്‍മിച്ച കുട, കാര്‍വാഷ്, സാനിറ്റൈസര്‍, ഫിനോയില്‍, തുണിസഞ്ചി ഉള്‍പ്പെടെയുള്ളവയും കൗണ്ടറുകള്‍ വഴി വില്പന നടത്തിയിരുന്നു.