പോത്തൻകോട് : തെങ്ങുകയറ്റ തൊഴിലാളികളായ ഛത്തീസ്ഗഡ് സ്വദേശികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 52000 രൂപ സംഭാവന നല്കി. തിരുവനന്തപുരം അയിരൂപ്പാറയിലെ കമ്പ്യൂടെക് എന്ന സ്ഥാപനത്തിന് കീഴിലെ ജീവനക്കാരായ 43 അതിഥി തൊഴിലാളികളാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ചെക്ക് കൈമാറിയത്.
മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഒരു കുറിപ്പും ഇവര്‍ കടകംപള്ളി സുരേന്ദ്രനെ ഏല്‍പ്പിച്ചു. കൊവിഡ് മഹാമാരിയെ നേരിടുന്നതിന് മുഖ്യമന്ത്രി മുന്നില്‍ തന്നെയുണ്ടെന്നത് അറിയാമെന്നും തങ്ങളും മുഖ്യമന്ത്രിക്കൊപ്പമുണ്ടെന്നും മലയാളികളോട് കടപ്പാടുണ്ടെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
ദുരിതാശ്വാസ നിധിയിലേക്ക് സമ്പാദ്യം സംഭാവന ചെയ്ത ഛത്തീസ്ഗഡ് സ്വദേശികളോട് നന്ദിയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് തവണ പിടിക്കുന്നതിനെതിരെ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രതിഷേധിക്കുമ്പോൾ മാതൃകാപരമായ പ്രവര്‍ത്തനമാണ് അതിഥി തൊഴിലാളികളുടേതെന്നും മന്ത്രി പറഞ്ഞു.