ന്യൂഡൽഹി: മാതാവ് കോവിഡ് ബാധിച്ചു മരിച്ചതിനാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള മകളുടെ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനും ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്കും നോട്ടീസയച്ചു.
കേസ് അടുത്ത തവണ പരിഗണിക്കുന്ന നവംബർ 18നുള്ളിൽ മറുപടി നൽകണമെന്നു ജസ്റ്റീസ് രേഖ പള്ളി ആവശ്യപ്പെട്ടു.
പരാതിക്കാരി പറയുന്നതനുസരിച്ച് അവരുടെ മാതാവിനെ കഴിഞ്ഞ ഏപ്രിൽ 28നാണ് പനിയും മറ്റു രോഗലക്ഷണങ്ങളുമായി ഡൽഹി സരോജ് മെഡിക്കൽ ഇന്റസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചത്.
ആർടിപിസിആർ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. എന്നാൽ, കിടക്കയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗുരുതരാവസ്ഥയിൽ ആയിരുന്നിട്ടും ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു.
കോവിഡ് രണ്ടാം തരംഗത്തിന്റെ മൂർധന്യാവസ്ഥയിൽ ആയിരുന്നതുകൊണ്ടു മറ്റ് ആശുപത്രികളിലും കിടക്ക ലഭ്യമായില്ല. പിന്നീട് മേയ് മൂന്നിന് രോഗിയായ ബിമലദേവി വീട്ടിൽ വച്ചു മരിച്ചു.
തന്റെ സഹോദരൻ സഹകരിക്കാത്തതു കാരണം ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ നിന്ന് അമ്മയുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി.
തനിക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടത് ഭരണഘടനാപരമായ അവകാശമാണെന്നും തരേണ്ടത് ദേശീയ ദുരന്ത നിവാരണ അഥോറിറ്റിയുടെ നിയമപരമായ കടമയാണെന്നും യുവതി ഹർജിയിൽ പറയുന്നു.