കോവിഡ് വൈറസ് ലോകത്തെ പിടിച്ചു കുലുക്കുമ്പോള്‍ ആശ്വാസത്തില്‍ ചൈനക്കാര്‍. വൈറസ് ചൈന വിട്ടകലുന്നതായാണ് സൂചനകള്‍.
രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയുള്ള പുതിയ കോവിഡ് കേസുകളുടെ എണ്ണം ഒന്നു മാത്രമാണെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്(NHC) ശനിയാഴ്ച അറിയിച്ചു.
വൈറസ് ബാധ മൂലമുള്ള മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ മരണസംഖ്യ 4,633 ആയി തുടരുന്നതായും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ഏപ്രില്‍ 4 മുതലുള്ള 28 ദിവസങ്ങളില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പ്രാദേശിക ആരോഗ്യകമ്മിഷന്‍ അറിയിച്ചു.
ഹ്യൂബെയില്‍ വൈറസിനെതിരെയുള്ള അടിയന്തര പ്രതികരണ പ്രവര്‍ത്തനത്തിന്റെ തോത് കുറച്ചു.
വൈറസിനെതിരെയുള്ള പ്രതിരോധവും നിയന്ത്രണവും കൂടുതല്‍ ഫലപ്രദമായത് കൊണ്ടാണ് ഇത് സാധ്യമായതെന്ന് ഹ്യൂബെ വൈസ് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 82,875 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 77,685 പേര് രോഗമുക്തി നേടി.
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസ് രാജ്യത്തിന് പുറത്ത് നിന്നെത്തിയ വ്യക്തിയ്ക്കാണ് സ്ഥിരീകരിച്ചതെന്ന് എന്എച്ച്സി അറിയിച്ചു.
രാജ്യത്തിന് പുറത്തു നിന്നെത്തിയ 1,671 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്.
എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത 20 കേസുകള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകളുടെ എണ്ണം ഇതോടെ 989 ആയി.
പനി, ചുമ, തൊണ്ടവേദന തുടങ്ങി സാധാരണ കോവിഡ്-19 രോഗികളില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ വൈറസ് പോസിറ്റീവായ രോഗികളുടെ എണ്ണമാണിത്.