അബുദാബി: കോവിഡ് കണ്ടെത്താൻ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ഇഡിഇ സ്കാനറുകൾ വിജയകരമായി പ്രവർത്തിച്ചതോടെ എമിറേറ്റിലുടനീളം ഉടൻ സ്ഥാപിക്കുമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി അറിയിച്ചു.
കോവിഡ് രോഗനിർണയം ഉടനടി ലഭിക്കുന്ന ആധുനിക സംവിധാനമാണ് ഇഡിഇ സ്കാനറുകൾ.
നിലവിലുള്ള കോവിഡ് പ്രോട്ടോകോൾ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താതെ രോഗപ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനാണ് തിങ്കളാഴ്ച മുതൽ അബുദാബിയിൽ കൂടുതൽ സ്ഥലങ്ങളിൽ സ്കാനറുകൾ പ്രവർത്തന സജ്ജമാകുന്നത്.
ദുബായ് – അബുദാബി അതിർത്തികളിൽ പരീക്ഷണാർഥം സ്ഥാപിച്ച സ്കാനർ വിജയകരമായാണ് പ്രവർത്തിച്ചത്.
ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പൊതുജനാരോഗ്യത്തെ പരിരക്ഷിക്കുന്ന കോവിഡ്-19 മുൻകരുതൽ നടപടികൾ തുടർച്ചയായി വർധിപ്പിക്കുന്നതിനുള്ള എമിറേറ്റിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് തീരുമാനം.
കോവിഡ് -19 വ്യാപനം പരിമിതപ്പെടുത്തുന്നതിൽ ഇഡിഇ സ്കാനിംഗ് സാങ്കേതികവിദ്യ ഒരു പ്രധാന പങ്ക് വഹിക്കും. പുതിയ സ്കാനറുകൾ അബുദാബിയിലെ മാളുകളിൽ പ്രവർത്തനസജ്ജമായി .
വിവിധ ഷോപ്പിംഗ് മാളുകളിലും ചില റെസിഡൻഷ്യൽ ഏരിയകളിലും രാജ്യത്തേക്കുള്ള എല്ലാ പ്രവേശന മേഖലകളിലും ഇഡിഇ സ്കാനറുകൾ ഉപയോഗിക്കും.
സ്കാനറിലൂടെ കടക്കുന്പോൾ ചുവന്ന അടയാളം പ്രദർശിപ്പിച്ചാൽ അത്തരം ആൾക്കാർ 24 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധനക്ക് വിധേയമാകണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള