പി. ജയകൃഷ്ണന്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഓപ്പറേഷനായി വിവിധ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിന് പിന്നാലെ ആശുപത്രി ജീവനക്കാരന് തന്നെ കോവിഡ് ബാധിച്ചു മരിച്ചതില്‍ അധികൃതരുടെ ഭാഗത്ത് ചില അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് ആരോപണം.
ജില്ലാ ആശുപത്രിയിലെ ഓഫീസ് അറ്റന്‍ഡർ തൃക്കരിപ്പൂര്‍ പൂചോല് സ്വദേശി രാജേഷ് (45) ആണ് ഞായറാഴ്ച രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ചത്.
നേരത്തെ ഒരു ജീവനക്കാരന് കോവിഡ് പോസറ്റീവ് ആയ ഘട്ടത്തില്‍ ഓഫീസ് ജീവനക്കാര്‍ക്ക് ക്വാറന്റൈൻ അനുവദിക്കാതെ ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് കര്‍ശന നിര്‍ദേശം നല്കിയതും യാതൊരു നിയന്ത്രണവുമില്ലാതെ പൊതുജനങ്ങള്‍ ഓഫീസിനകത്ത് കയറി വരുന്നതും കൂടുതല്‍ അപകടകരമായ സാഹചര്യമാണെന്ന് ജീവനക്കാര്‍ പറയുന്നു.
ഓഫീസ് ജീവനക്കാര്‍ക്ക് ആവശ്യമായ മാസ്ക്, സാനിറ്റൈസര്‍ എന്നി നല്‍കുന്നതിന് സ്റ്റോര്‍ അധികൃതര്‍ താല്പര്യം കാണിക്കുന്നില്ലെന്ന ആരോപണവുമുണ്ട്. ശനിയാഴ്ച ഓപ്പറേഷനെത്തിയ ചിലരെ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോവിഡ് സെന്ററിലേക്ക് മാറ്റിയിരുന്നു.
റൂമിലെ മറ്റ് രോഗികളും നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് രാജേഷിന്റെ മരണം. ഈ മാസം നാലിനാണ് രാജേഷിന് പനി ഉണ്ടായത്. ഇതേ തുടര്‍ന്ന് പയ്യന്നൂരിലെ ആശുപത്രിയില്‍ കാണിച്ചിരുന്നു. ഗ്ലൂക്കോസ് കയറ്റുകയും മരുന്നു കഴിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പനി കുറഞ്ഞു.
എന്നാല്‍ രാജേഷിന് വീണ്ടും പനി വന്നതിനെ തുടര്‍ന്ന് മകനുമൊന്നിച്ച് ഒമ്പതിനാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്നത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലായ രാജേഷിനെ ശനിയാഴ്ച വൈകുന്നേരം ഐസിയുവില്‍ ആക്കിയെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു.
ഇതിനിടെ കോവിഡ് പോസിറ്റീവായ ഒമ്പതുകാരനായ മകനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലാക്കി. രാജേഷിന്റെ ഭാര്യയും ഇവിടെ നിരീക്ഷണത്തിലാണ്.പിപിഇ കിറ്റും, മാസ്ക്ക് പോലും ഇല്ലാതെയാണ് ഓഫീസ് ജീവനക്കാര്‍ ജില്ലാ ആശുപത്രിയിൽ പ്രവര്‍ത്തിക്കേണ്ടി വരുന്നത്.
ആരോഗ്യ വകുപ്പിന്റെ മുഖ്യധാരയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ളവര്‍ ഓഫീസ് ജീവനക്കാരായി വരുന്നില്ലെന്നാണ് അധികാരികള്‍ കരുതുന്നതെന്നും ആരോപണമുണ്ട്. അതിനാല്‍ കോവിഡ് ഇന്‍ഷ്വറന്‍സ് പോലും ലഭിക്കില്ലെന്ന കാര്യവും ഒരു വിഭാഗം ജീവനക്കാര്‍ ഉയര്‍ത്തുന്നു.
കണ്ണൂരില്‍ നേരത്തെ ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു ഓഫീസ് ജീവനക്കാര്‍ ഹാജരായിരുന്നതെങ്കില് ഇപ്പോള്‍ നിലവിലുള്ള 22 ജീവനക്കാരും എല്ലാ ദിവസവും വരണമെന്നാണ് നിര്‍ദേശം. ക്വാറന്റൈന് പോലും അനുവദിക്കാന്‍ തയാറാകുന്നില്ല.
പകുതി പേര് ഒരാഴ്ച വീതം ഇടവിട്ടുള്ള ദിവസങ്ങളിലാണേല് ഫലപ്രദമായിരിക്കും എന്ന നിര്‍ദേശം ജീവനക്കാര്‍ മുന്നോട്ട് വയ്ക്കുന്നു. ആര്‍എസ്ബിവൈ കൗണ്ടറിലെ താത്കാലിക ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പ്രസ്തുത കൗണ്ടര്‍ അടച്ചു.
എന്നാല്‍ ഒരു ഓഫീസ് ജീവനക്കാരന് കോവിഡ് വന്നു മരിച്ചിട്ടും ഓഫീസിലെ ജീവനക്കാര്‍ക്ക് ക്വാറന്റൈ പോലും അനുവദിക്കാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
സ്വകാര്യ ആശുപത്രികളിലടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കാര്യമായ സുരക്ഷാ മാനദണ്ഡവുമില്ലാത്തത് കൂടുതല്‍ ദുരന്തിന് വഴിവയ്ക്കുമെന്ന് ഡോക്ടര്‍മാരടക്കം ചൂണ്ടിക്കാട്ടുന്നു.