സ്വന്തം ലേഖകന്‍
കോഴിക്കോട്: കോവിഡ് കാലത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമനിധിബോര്‍ഡുകളില്‍ നിന്നുള്ള സഹായ വിതരണത്തില്‍ അവ്യക്തത തുടരുന്നു.മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയതല്ലാതെ ധനസഹായത്തിന് എങ്ങിനെ അപേക്ഷിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
കഴിഞ്ഞ തവണ ആയിരം രൂപ വീതം ധനസഹായം ലഭിച്ചവര്‍ക്ക് ഇത്തവണയും തുക നല്‍കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.എന്നാല്‍ ഇതിനായി പ്രത്യേകം അപേക്ഷ സമര്പ്പിക്കണമോയെന്ന് സര്‍ക്കാര്‍ പറയുന്നില്ല. മാത്രമല്ല, കഴിഞ്ഞ തവണത്തേതില്‍ നിന്നു വിഭിന്നമായി കൂടുതല്‍ പേര് ഇത്തവണ വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗത്വമെടുത്തിരുന്നു.
പലരും വരിസംഖ്യ പിഴ സഹിതം പുതുക്കുകയും ചെയ്തു. ഇവര്‍ എങ്ങിനെയാണ് പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന കാര്യത്തിലും തീരുമാനമായില്ല.കഴിഞ്ഞ തവണ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്ഡിലേതുള്പ്പെടെയുള്ള ധനസഹായ വിതരണം വലിയ പരാതിക്ക് വഴിവച്ചിരുന്നു
. ഇപ്പോഴും ഈ പരാതികള്‍ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അര്‍ഹരായ പലരെയും അവഗണിക്കുകയും ഒരേ പേരുടെ അക്കൗണ്ടില്‍ ഒന്നിലധികം തവണ പണം നിക്ഷേപിക്കുകയും ചെയ്തുവെന്നതായിരുന്നു പരാതി.
തുടര്‍ന്ന് പണം തിരിച്ചെടുക്കേണ്ട അവസ്ഥയും സംജാതമായി. മാത്രമല്ല സഹകരണബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഐഎഫ്സി കോഡ് ഇല്ലെന്ന കാരണം പറഞ്ഞ് ധനസഹായം നല്‍കിയതുമില്ല. ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് ഈ വര്‍ഷവും ആയിരം രൂപ വീതം ധനസഹായം നല്കാന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
എന്നാല്‍ ഓണ്‍ ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കേണ്ട അതാത് ക്ഷേമനിധി സൈറ്റുകള്‍ ഇപ്പോള്‍ അപേക്ഷ സ്വീകരിക്കുന്നില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.കോവിഡ് ധനസഹായത്തിനുള്ള അപേക്ഷ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അപേക്ഷ സ്വീകരിക്കുന്നില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് അംഗങ്ങള്‍ പരാതിപ്പെടുന്നു.
ആധാര്‍കാര്‍ഡ് നമ്പര്‍ , ക്ഷേമനിധി അംഗത്വ രജിസ്റര്‍ നമ്പര്‍, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.എന്നാല്‍ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കാന്‍ വെബ് സൈറ്റ് കനിയാന്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് പലരും.