കായംകുളം :സന്പർക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ രോഗബാധിതരെ താമസിപ്പിച്ച് ചികിത്സ നൽകുന്നതിനായി കായംകുളം നഗരസഭ സജ്ജമാക്കിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിൽ ഇന്ന് വൈകുന്നേരം മുതൽ കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചു തുടങ്ങും.
കായംകുളം ടി.എ കണ്വൻഷൻ സെന്ററിലാണ് 200 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള സെൻറർ സജ്ജമാക്കിയത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റർ ഒരുക്കിയ കായംകുളം നഗരസഭയുടെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം കായംകുളം താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവർത്തകർ സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു .
ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച എല്ലാ സൗകര്യങ്ങളും സെന്ററിൽ ഒരുക്കിയിട്ടുണ്ടന്ന് നഗരസഭ ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു.സെന്റർ നടത്തിപ്പിനുവേണ്ടി 50 ലക്ഷം രൂപ പ്ലാൻ ഫണ്ടിൽ നിന്നു ചെലവഴിക്കാൻ നഗരസഭാ മോണിറ്ററിംഗ് കമ്മറ്റി അനുവാദം നൽകിയതായും ചെയർമാൻ അറിയിച്ചു .
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നവർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനും, സെന്ററിലെ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കുമുള്ള സൗകര്യങ്ങൾക്കുമായി ഒയാസിസ് ഓഡിറ്റോറിയവും ഏറ്റെടുത്തിട്ടുണ്ട്.
സെന്ററിൽ 200 പേർക്കുള്ള ചികിത്സയും ഇവർക്കുള്ള ഭക്ഷണവും നഗരസഭയാണ് നൽകുന്നത്. ഇതിനായി കാദീശാ ഓഡിറ്റോറിയത്തിൽ ഭക്ഷണശാല ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു .
നഗരത്തിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങൾ ശേഖരിച്ചു വിതരണം ചെയ്യും.
ബിപിഎൽ വിഭാഗത്തിൽപ്പെട്ട പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷ്യധാന്യ വിതരണം ചെയ്യുന്നതിനുള്ള പ്രൊജക്ടുകൾക്ക് അംഗീകാരത്തിനായി ജില്ലാ കളക്ടറോട് ആവശ്യപ്പെടാനും തീരുമാനിച്ചതായി ചെയർമാൻ പറഞ്ഞു