കെ. ഷിന്റുലാല്‍
കോഴിക്കോട്: സംസ്ഥാനത്തെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ സുരക്ഷ സംബന്ധിച്ച് സംസ്ഥാന വ്യാപകമായി ഫയര്‍ഫോഴ്സ് പരിശോധന ആരംഭിച്ചു.
തീപിടിത്തം പോലുള്ള അത്യാഹിതമുണ്ടായാല്‍ രക്ഷപ്പെടുന്നതിനുള്ള സൗകര്യങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളും പ്രാപ്തമാണോയെന്നാണ് ഫയര്‍ഫോഴ്സ് പരിശോധിക്കുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ഫയര്‍ ഓഫീസര്‍മാര്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പരിശോധന തുടരുകയാണെന്നും ഫയര്ഫോഴ്സ്മേധാവി ബി.സന്ധ്യ രാഷ്ട്ര ദീപിക യോട് പറഞ്ഞു.
രോഗവ്യാപനവും രോഗികളും ഏറ്റവും കൂടുതലായുള്ള കോഴിക്കോടുള്‍പ്പെടെയുള്ള ജില്ലകളിലെ പരിശോധനാ റിപ്പോര്‍ട്ട് തിങ്കളാഴ്ച ജില്ലകളക്ടര്മാര്ക്ക് സമര്‍പ്പിക്കും വിധത്തിലാണ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്.
പരിശോധന പൂര്‍ത്തിയാക്കി ആശുപത്രികള്‍ക്ക് പൊതുവായുള്ള മാര്‍ഗനിര്‍ദേശം നല്‍കാനാണ് ഫയര്‍ഫോഴ്സ് തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ നിർദേശം
കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ തുടര്‍ച്ചയായുള്ള അഗ്നിബാധയും മരണവും കണക്കിലെടുത്താണ് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പരിശോധന ആരംഭിച്ചത്.
കഴിഞ്ഞ മാസം 29 ന് മുംബൈയിലെ താനയ്ക്കടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തത്തെ തുടര്‍ന്ന് നാലുരോഗികള്‍ മരിച്ചിരുന്നു.
അതിനു തൊട്ടുമുമ്പ് വിരാള്‍ കോവിഡ് ആശുപത്രിയിലെ അഗ്നിബാധയില്‍ 15 പേര് വെന്തുമരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മതിയായ സുരക്ഷാക്രമീകരണത്തെ കുറിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രി ഫയര്‍ഫോഴ്സിനെ ചുമതലപ്പെടുത്തിയത്.
അത്യാഹിതമുണ്ടായാൽ…
അതേസമയം സംസ്ഥാനത്തെ ചികിത്സാ കേന്ദ്രങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഫയര്‍ഫോഴ്സിന് ആശങ്കയുണ്ട്. ഇക്കാര്യം അതത് ജില്ലാ കളക്ടര്‍മാര്‍ക്ക് നേരത്തെ റിപ്പോര്‍ട്ടായി നേരത്തെ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ അപ്പോഴുള്ള സുരക്ഷാ വീഴ്ചകള്‍ ഇന്നും പലയിടത്തും നിലനില്‍ക്കുന്നുണ്ടെന്നാണ് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ പറയുന്നത്. അത്യാഹിതമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള അസൗകര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുവാന്‍ ഫയര്‍ഫോഴ്സിന് സാങ്കേതിക തടസങ്ങളുണ്ട് . നിയമനടപടി സ്വീകരിക്കാന്‍ ഫയര്‍ഫോഴ്സിന് അധികാരമില്ലെന്നും റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കുക മാത്രമാണ് ചുമതലയെന്നും ഫയര്‍ഫോഴ്സ് മേധാവി അറിയിച്ചു.
വീഴ്ചവരുത്തിയാൽ
നിലവില്‍ സംസ്ഥാനത്തെ കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെ വീഴ്ചകള്‍ ഏറെ ഗൗരവമുള്ളതാണെന്നും ഫയര്‍ഫോഴ്സ് ജീവനക്കാര്‍ വ്യക്തമാക്കി. അത്യാഹിതം ഒഴിവാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇവര്‍ ഇപ്പോള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്.
ഇലക്ട്രിക്കല്‍ കേടുപാടുകള്‍ ഉടന്‍ പരിഹരിക്കുക, ഹൈഡ്രന്റുകളില്‍ വെള്ളം സൂക്ഷിച്ചുവയ്ക്കുക, അഗ്നിശമന ഉപകരണങ്ങള്‍ കാര്യക്ഷമമാക്കി നിര്‍ത്തുക, എമര്‍ജന്‍സി എക്സിറ്റുകള്‍ തുറന്നിടുന്നതിനുള്ള സൗകര്യം ഒരുക്കുക, കോണിപ്പടികള്‍ സഞ്ചാരയോഗ്യമാക്കുക, ഐസിയു ഉള്‍പ്പെടെയുള്ള മേഖലകളില്‍ ടെക്നീഷ്യന്മാരുടെ സേവനം 24 മണിക്കൂറും ഉപയോഗപ്പെടുത്തുക തുടങ്ങി നിര്‍ദേശങ്ങളാണ് നല്‍കുന്നത്.
വീഴ്ചകള്‍ വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാത്ത പക്ഷം വലിയ വിപത്തിനുള്ള സാധ്യതകളാണ് നിലനില്‍ക്കുന്നത്.