പത്തനംതിട്ട: ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള മെഡിക്കല്‍ കോളജുകളില്‍ ജോലി നോക്കുന്ന ജീവനക്കാരുടെ ക്വാറന്റൈന് കാലാവധി വെട്ടിക്കുറച്ചുകൊണ്ടുള്ള തീരുമാനത്തിനു പിന്നാലെ ആരോഗ്യവകുപ്പിലും ഇതു നടപ്പാക്കാനുള്ള നീക്കത്തില്‍ പരക്കെ അതൃപ്തി.
രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധന കാരണം ജീവനക്കാരുടെ കുറവ് പരിഹരിക്കാനാണ് ക്വാറന്റൈന് വെട്ടിക്കുറച്ച് തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള നിര്‍ദേശം നല്‍കുന്നത്. ഗവണ്മെന്റ് മെഡിക്കല്‍ കോളജ് നഴ്സസ് യൂണിയന് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊറോണ വാര്‍ഡുകളില്‍ ജോലി നോക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ ജീവനക്കാര്‍ എന്നിവര്‍ക്ക് 14 ദിവസം നീളുന്ന ഓരോ ഷിഫ്റ്റിനുശേഷവും 14 ദിവസത്തെ ക്വാറന്റൈന് അനുവദിച്ചിരുന്നു. ഇതാണ് ഏഴു ദിവസമായി വെട്ടിച്ചുരുക്കിയത്.
മെഡിക്കല്‍ കോളജുകളില്‍ ഇതു നടപ്പാക്കിത്തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ ആരോഗ്യവകുപ്പിനു കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. നിലവില്‍ തന്നെ 14 ദിവസം ക്വാറന്റൈന് കാലയളവില്‍ ജീവനക്കാര്‍ വീടുകളിലേക്കു പോകാറില്ല.
വീട്ടിലെത്തിയാല്‍ തന്നെ ഒരു മുറിയില്‍ കഴിച്ചുകൂട്ടുകയാണ് പതിവ്. സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ക്വാറന്റൈന് കാലാവധി പോലും വെട്ടിച്ചുരുക്കുന്നതില്‍ പരക്കെ അതൃപ്തിയുണ്ട്.