തൊടുപുഴ: ജില്ലയെ കൊറോണ മുക്തജില്ലയായി പ്രഖ്യാപിച്ചിച്ചെങ്കിലും തമിഴ്നാട്ടിൽ നിന്നും അനധികൃതമായി ജില്ലയിലേക്ക് ആളുകൾ എത്തുന്നതു അധികൃതർക്കു തലവേദനയാകുന്നു.
മൂന്നാർ മേഖലയിൽ മാത്രം 28 പേരും നെടുങ്കണ്ടത്ത് ഒൻപതു പേരുമാണ് ഇത്തരത്തിൽ എത്തിയത്. ഇവരെ നേരത്തെ തയാറാക്കിയിരുന്ന സ്ഥലത്ത് ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.
കുറഞ്ഞ ദിവസത്തിനുള്ളിൽതന്നെ തമിഴ്നാട്ടിൽനിന്ന് അനധികൃതമായി എത്തിയ നൂറോളം പേർ പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇതിൽ അതിർത്തിവഴി എത്തിയ ചിലരെ പോലീസ് പിടികൂടി തിരിച്ചയച്ചു.
വനത്തിലെ സമാന്തര പാതകളിലൂടെ എത്തുന്നവരെ അധികൃതർക്ക് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പിടികൂടാനാകുന്നത്. രഹസ്യമായി എത്തുന്ന നിരവധി പേർ ഇപ്പോഴും മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഉണ്ടെന്നാണ് അറിയുന്നത്.
പ്രധാനമായും തേനി ജില്ലയുമായാണ് ഇടുക്കി അതിർത്തി പങ്കിടുന്നത്. തേനിയിൽ മാത്രം 43 കോവിഡ് ബാധിതരാണുള്ളത്. തമിഴ്നാട്ടിൽനിന്നും സംസ്ഥാനത്ത് എത്തിയ മൂന്നുപേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതിനാൽ അതിർത്തി ജില്ലകളിൽ നിയന്ത്രണം കർശനമാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. ജില്ലയിലെ അതിർത്തി ചെക്ക് പോസ്റ്റുകളായ കുമളി, കന്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നിവിടങ്ങൾ ലോക്ക് ഡൗണിന്റെ ആദ്യദിനം മുതൽ അടഞ്ഞുകിടക്കുകയാണ്.
അതിർത്തിയിലെ എട്ടു പഞ്ചായത്തുകളിലായി 28 വാർഡുകളിൽ നിരോധനാജ്ഞയും അടുത്തമാസം മൂന്നുവരെ നീട്ടിയിട്ടുണ്ട്. തേവാരംമെട്ട്, രാമക്കൽമേട്, തണ്ണിപ്പാറ, ചതുരംഗപ്പാറ, രാജാപ്പാറ, ചെല്ലാർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലൂടെ നിരവധി സമാന്തരപാതകളുണ്ട്.
ഇവിടങ്ങളിലെല്ലാം പോലീസ് കാവൽ ശക്തമാണെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് പലതരത്തിൽ ഇപ്പോഴും ജില്ലയിലേക്ക് ആളുകളെത്തുന്നുണ്ട്. കുമളിയിൽ കഴിഞ്ഞദിവസം തിരക്ക് വർധിച്ചതോടെ ടൗണിലെ അവശ്യസാധനങ്ങൾ വിൽക്കുന്നവ ഒഴികെയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ കളക്ടർ നിർദേശിച്ചിരുന്നു.
പത്തുദിവസം പൂർണമായി അടഞ്ഞുകിടന്ന മൂന്നാർ ടൗണിൽ കർശന നിയന്ത്രണങ്ങളോടെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആഴ്ചയിൽ നാലുദിവസം മാർക്കറ്റ് പ്രവർത്തിക്കുന്നുണ്ട്.
അതിർത്തി മേഖലകളിൽ പോലീസും വനംവകുപ്പും ശക്തമായ പരിശോധനയാണ് നടത്തിവരുന്നത്. ഡ്രോണ് ഉപയോഗിച്ചും നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ഓരോ ദിവസവും വനത്തിലെ പുതിയ പുതിയ പാതകൾ തിരഞ്ഞെടുത്താണ് ആളുകൾ എത്തുന്നത്.
ഇതു ജില്ലാ ഭരണകൂടത്തിന് വലിയ തലവേദന തന്നെ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ആളുകളെ കണ്ടെത്തുന്നതിനും വിവരങ്ങൾ നൽകുന്നതിനുമായി ദേവികുളം സബ് കളക്ടറുടെ പേരിൽ ടോൾ ഫ്രീ നന്പറും ആരംഭിച്ചിട്ടുണ്ട്. ഫോണ്: 9497203044.