ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിവേഗത്തിൽ മുന്നോട്ട്. രോഗികളുടെ ആകെ എണ്ണം ഒന്നര ലക്ഷം പിന്നിട്ടതോടെ ആഗോളതലത്തിൽ ഇന്ത്യ പത്താം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ 7,270 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 187 പേരാണ് മരിച്ചത്. ഇത്രയുമധികം രോഗബാധയും മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമാണ്.
ഇതുവരെ 1,58,086 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,534 പേർ രോഗബാധിതരായി മരിച്ചു. രോഗമുക്തരായവരുടെ എണ്ണം 67,749 ആയി. നിലവിൽ 85,792 പേരാണ് ചികിത്സയിലുള്ളത്.
മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുള്ളത്. ഇവിടെ രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 2,190 പേർക്കാണ് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. 105 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 56,948 ആയും മരണസംഖ്യ 1,897 ആയും ഉയർന്നു.
തമിഴ്നാട്ടിൽ രോഗം ബാധിച്ചവരുടെ എണ്ണം 18,545 ആയി. മരണം 136. രോഗം ഭേദമായവർ 9,909. പുതുതായി 817 പേർക്കാണ് രോഗം കണ്ടെത്തിയത്. ആറു പേർ മരിച്ചു.
ഡൽഹിയിൽ 24 മണിക്കൂറിനിടെ 792 പേർക്കാണ് രോഗം കണ്ടെത്തിയത്. 15 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 15,257 ആയും മരണസംഖ്യ 303 ആയും ഉയർന്നു. 7,264 പേർ രോഗത്തെ അതിജീവിച്ചു.
ഗുജറാത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 15,205 ആയി. മരണം 938. ഇന്നലെ 376 രോഗബാധയും 23 മരണവും റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ 7,816 പേർക്ക് രോഗംബാധിച്ചതിൽ 172 പേർ മരിച്ചു. മധ്യപ്രദേശിൽ ഇതുവരെ 7,261 പേർക്കാണ് രോഗം കണ്ടെത്തിയത്. ആകെ മരണം 313.
ഉത്തർപ്രദേശിൽ രോഗം ബാധിച്ചവർ 6,991. മരണം 182. പശ്ചിമ ബംഗാളിൽ രോഗം ബാധിച്ചവർ 4,192. മരണം 289. ആന്ധ്രപ്രദേശിൽ 3117 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചതിൽ 58 പേർ മരിച്ചു. ബിഹാറിൽ 3,036 പേർക്ക് രോഗംബാധിച്ചതിൽ 15 പേർ മരിച്ചു.
കർണാടകയിൽ രോഗം ബാധിച്ചവർ 2,418. മരണം 47. പഞ്ചാബിൽ രോഗം ബാധിച്ചവർ 2,139. മരണം 40.