ന്യൂഡൽഹി: രോഗവ്യാപനവും മരണനിരക്കും ദിവസേന ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് ആശങ്കയേറി. ഇന്നലെ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് 24 മണിക്കൂറിൽ 68,020 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
291 മരണവും രേഖപ്പെടുത്തി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 84 ശതമാനവും മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്നാട്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ്.
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5,21,808 ആണ്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിൽ കിടക്കകൾക്കു ക്ഷാമം.
കിടക്കകൾ കിട്ടാനില്ലെന്ന ആശങ്ക ഉയർന്നതോടെ ചെറിയ രോഗലക്ഷണങ്ങൾ ഉള്ളവർപോലും ആശുപത്രികളിലേക്ക് എത്തുന്നത് അധികൃതർക്കു തലവേദനയായി.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പോളിംഗ് കഴിയുന്നതോടെ രോഗബാധ വർധിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
രണ്ടാം തരംഗത്തിൽ പത്തുദിവസങ്ങൾകൊണ്ടാണ് ദിവസേനയുള്ള രോഗികളുടെ എണ്ണം മുപ്പതിനായിരത്തിൽനിന്ന് ഇരട്ടിയായത്. രോഗവ്യാപനത്തിന്റെ ഈ നിരക്കാണ് ആശങ്കയ്ക്കു കാരണമാകുന്നത്.