ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കണക്കുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,32,05,0926 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 794 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 1,68,436 ആയി. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10,46,631 ആണ്. രോഗമുക്തി നിരക്ക് 91 ശതമാനമായി താഴ്ന്നു.
തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ ഇന്നുമുതൽ വാരാന്ത്യ ലോക്ക്ഡൗൺ ഏർപ്പെടുത്തും. രാത്രി എട്ട് മുതൽ തിങ്കളാഴ്ച രാവിലെ ഏഴു വരെയാണ് ലോക്ക്ഡൗൺ.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ എല്ലാ സ്കൂളുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടാൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. സ്വകാര്യ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്.
കോവിഡ് വ്യാപനം രൂക്ഷമായതു കണക്കിലെടുത്ത് ഡൽഹിയിൽ നേരത്തെ രാത്രി കർഫ്യു പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നി സംസ്ഥാനങ്ങൾ രാത്രി കർഫ്യുവും മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ ഭാഗിക ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.