മുംബൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആഞ്ഞുവീശുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,68,912 പുതിയ രോഗികളായി. 904 മരണം നടന്നു. തുടർച്ചയായ ദിവസങ്ങളിൽ വീണ്ടും ഒന്നരലക്ഷം കടന്നിരിക്കുകയാണ്.
ഇതോടെ ആകെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രസീലിനെ മറികടന്ന് രണ്ടാം സ്ഥാനത്തായി. രാജ്യത്ത് ഒറ്റദിവസം രോഗികൾ 1.6 ലക്ഷം കടക്കുന്നതും ആദ്യം.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ്, കര്‍ണാടക, തമിഴ്നാട്, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, കേരളം എന്നിവിടങ്ങളിലെല്ലാം കോവിഡിന്റെ രണ്ടാം തരംഗം ഭീതി പരത്തുകയാണ്.
മഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപനം ഉടൻ
24 മണിക്കൂറിനിടയിൽ മഹാരാഷ്ട്രയിൽ മാത്രം 63,294 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ മാത്രം 9,989 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 349 മരണങ്ങൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ള മരണസംഖ്യ 57,987 ആയി ഉയർന്നു. നിലവിൽ മഹാരാഷ്ട്രയിലെ ആകെ കേസുകളുടെ എണ്ണം 34,07,245 ആണ്.
കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ഒന്നര ലക്ഷം പേരാണ് ഇന്ത്യയില്‍ മരിച്ചത്. 2020 മാര്‍ച്ച് 12ന് കര്‍ണാടകത്തിലായിരുന്നു ഇന്ത്യയില്‍ ആദ്യ കോവിഡ് മരണം. 96 ദിവസം കൊണ്ടാണ് മരണസംഖ്യ പതിനായിരം കടന്നത്.
പിന്നീട് എട്ടും പത്തും ദിവസംകൊണ്ട് അത്രയും പേര് മരിക്കുന്ന സ്ഥിതിയായി. ഡിസംബറോടെ അയവുണ്ടായി. ഈ വര്‍ഷം ജനുവരി അഞ്ചിന് മരണസംഖ്യ ഒന്നര ലക്ഷം കടന്നു.
പിന്നെയുള്ള പതിനായിരം മരണം 75 ദിവസം കൊണ്ടായിരുന്നു. എന്നാല്‍, ശേഷം 21 ദിവസമായ ഞായറാഴ്ച മരണസംഖ്യ 1.70 ലക്ഷം കടന്നു. മഹാരാഷ്ട്രയില്‍ ലോക്ഡൗൺ പ്രഖ്യാപനം ഉടനുണ്ടാവും.
14നുശേഷം തീരുമാനമെടുക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. തുടക്കത്തിൽ എട്ടു ദിവസത്തേക്ക് സംസ്ഥാനം അടച്ചിടാനാണ് ആലോചന. പിന്നീട് ആവശ്യമുണ്ടെങ്കിൽ ലോക്ഡൗൺ നീട്ടിയേക്കും.
ഫൈവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് ആശുപത്രികളാക്കുന്നു
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് ആശുപത്രികളാക്കുന്നു.
അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളിൽ മൂന്ന് ജംബോ ഫീൽഡ് ആശുപത്രികൾ ആരംഭിക്കുമെന്നും ഫോർ സ്റ്റാർ, ഫെവ് സ്റ്റാർ ഹോട്ടലുകൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനാണ് അറിയിച്ചത്.
നഗരത്തിലെ മൂന്ന് സ്ഥലങ്ങളിൽ ഈ സൗകര്യങ്ങൾ സ്ഥാപിക്കുമെന്നും 200 ഐസിയു കിടക്കകളും 70 ശതമാനം ഓക്സിജൻ കിടക്കകളും ഉൾപ്പെടെ 2,000 കിടക്കകൾ ഉണ്ടാകുമെന്നും ബിഎംസി മേധാവി ഇക്ബാൽ സിംഗ് ചഹാൽ പറഞ്ഞു.
നിർധനരായ രോഗികൾക്ക് കൂടുതൽ കിടക്കകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇക്ബാൽ കൂട്ടിച്ചേർത്തു.
ഡൽഹിയും ലോക്ഡൗണിലേക്ക്?
ഡല്‍ഹിയും ലോക്ഡൗണിലേക്കാണെന്ന് സൂചന മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നൽകിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ഡൽഹിയിൽ രോഗികളുടെ എണ്ണം പതിനായിരം കടന്നു.
ഉത്തര്‍പ്രദേശില്‍ മീററ്റ്, ഗാസിയാബാദ്, നോയിഡ, വാരാണസി, കാണ്‍പുര്‍, പ്രയാഗ്രാജ്, ബറേലി എന്നിവിടങ്ങളില്‍ രാത്രികര്‍ഫ്യൂ ഏര്‍പ്പെടുത്തി. 30 വരെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചു. ആരാധനാലയങ്ങളില്‍ അഞ്ചിൽ കൂടുതൽ പേര് പാടില്ല. മധ്യപ്രദേശില്‍ 11 ജില്ലയിൽ വാരാന്ത്യ അടച്ചിടൽ (ശനി, ഞായർ) നിലവിലുണ്ട്.