ന്യൂഡൽഹി: ആശങ്ക ഉയർത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,00,739 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെ ഉണ്ടായതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,40,74,564 ആയി.
24 മണിക്കൂറിനിടെ 1,038 പേർ രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 1,73,123 ആയി ഉയർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 13.65 ലക്ഷം പേർ ചികിത്സയിൽ കഴിയുന്നുണ്ട്.
മഹാരാഷ്ട്രയിലാണ് സ്ഥിതി അതിഗുരുതരമായി തുടരുന്നത്. ബുധനാഴ്ച സംസ്ഥാനത്ത് 60,000 ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.