ന്യൂഡൽഹി: ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് കയറിയത്.
24 മണിക്കൂറിനിടെ 8,750 പേർക്കാണ് രാജ്യത്ത് രോഗം കണ്ടെത്തിയത്. 223 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,90,609 ആയി ഉയർന്നു. മരണസംഖ്യ 5,408.
രോഗമുക്തി നേടിയവരുടെ എണ്ണം 91,852 ആയി. നിലവിൽ 93,338 രോഗികളാണ് ഇന്ത്യയിൽ ചികിത്സയിലുള്ളത്. നേരത്തെ, രോഗബാധിതരുടെ എണ്ണം പൂർണമായി നിയന്ത്രണവിധേയമായിരുന്ന സമയത്ത് നിരന്തരം 17ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
നിലവിൽ ഇന്ത്യയ്ക്ക് മുന്നിലുള്ള മറ്റ് ആറ് രാഷ്ട്രങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തി മുപ്പതിനായിരത്തിനു മുകളിലാണ്.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 2,487 പേർക്കാണ് രോഗം കണ്ടെത്തിയത്. 89 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,655 ആയും മരണസംഖ്യ 2,286 ആയും ഉയർന്നു. 1,248 പേർ കൂടി ആശുപത്രി വിട്ടതോടെ രോഗം ഭേദമായവരുടെ എണ്ണം 29,329 ആയി.
തമിഴ്നാട്ടിൽ രോഗം ബാധിച്ചവരുടെ എണ്ണം 22,333 ആയി. മരണം 176. രോഗം ഭേദമായവർ 12,757. പുതുതായി 1,149 പേർക്കാണ് രോഗം കണ്ടെത്തിയത്. 13 പേർ മരിച്ചു.
ഡൽഹിയിൽ 24 മണിക്കൂറിനിടെ 1,295 പേർക്കാണ് രോഗം കണ്ടെത്തിയത്. 57 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 19,844 ആയും മരണസംഖ്യ 473 ആയും ഉയർന്നു. 8,478 പേർ രോഗത്തെ അതിജീവിച്ചു.