ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കേ രാജ്യത്ത് പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. ശനിയാഴ്ച അവസാനിച്ച ആഴ്ചയിൽ നാലു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അതേസമയം കേരളത്തിൽ രോഗികൾ ഉയർന്നുനിൽക്കുന്നത് ആശങ്കയായി തുടരുകയാണ്. മുൻ ആഴ്ചത്തേക്കാൾ ഒരുശതമാനം കൂടുതലാണ് കേരളത്തിലെ രോഗികൾ.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 35,499 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. 447 പേർകൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 4.28 ലക്ഷമായി. അതേസമയം നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,02,188 ആയി കുറഞ്ഞു.
രാജ്യത്ത് വാക്സിനേഷൻ ദ്രുതഗതിയിലായിട്ടുണ്ട്. കഴിഞ്ഞ ആറിന് അവസാനിച്ച ആഴ്ചയിൽ 51.45 ലക്ഷം ഡോസ് വാക്സിനാണ് വിതരണം ചെയ്തത്.
തൊട്ടുമുന്നിലെ ആഴ്ച ഇത് 48.26 ലക്ഷമായിരുന്നു. കോവിഷീൽഡ്, കോവാക്സിൻ എന്നിവ ഓരോ ഡോസ് നൽകുന്നത് മികച്ച പ്രതിരോധശേഷി നൽകുന്നതായി ഐസിഎംആർ പഠനം കണ്ടെത്തിയിട്ടുമുണ്ട്.